പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്കു പണിതു നൽകുന്ന 114-ാമത് വീട് വിദ്യാർഥികളായ അമൃതയ്ക്കും അമലിനും സമ്മാനിച്ചു.വർഷങ്ങൾക്കു മുന്പ് മാതാവ് മരിക്കുകയും അച്ഛൻ ഉപേക്ഷിച്ചുപോകുകയും ചെയ്ത കുഞ്ഞുങ്ങൾ വി.കോട്ടയം തുണ്ടിയിൽ വീട്ടിലായിരുന്നു താമസം. മാതൃസഹോദരിയാണ് ഇവർക്കു സംരക്ഷണം നൽകിയിരുന്നത്.
കുട്ടികളുടെ താമസത്തെച്ചൊല്ലി നിരന്തരം പ്രശ്നങ്ങൾ ഉടലെടുത്തതോടെ വിഷയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഡോ.സുനിലിന്റെ ശ്രദ്ധയിൽപെടുത്തി.ആനന്ദപ്പള്ളി സ്വദേശി ഫാ.ജോർജ് വർഗീസിന്റെ ധനസഹായത്താൽ മൂന്നുലക്ഷം രൂപ ചെലവിൽ രണ്ട് മുറികലും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന 528 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചു നൽകുകയായിരുന്നു.
താക്കോൽദാനം ഫാ.ജോർജ് വർഗീസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ജയശ്രീ സുരേഷ്, സുലോചനാദേവി, ആനന്ദവല്ലിയമ്മ, കെ.പി. ജയലാൽ, സജിത അജി, എൻ.ബി. തങ്കച്ചൻ, ശ്യാംലാൽ, ശ്രീഭവനം ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.