ബിജു കുര്യൻ
പത്തനംതിട്ട: സുനിൽ ടീച്ചർ ഒരു മാലാഖയാണ്. അശരണർക്കു താങ്ങാകുകയാണ് ടീച്ചറുടെ കരങ്ങൾ. ഈ കരങ്ങൾ തളരുരതേയെന്ന് ആരും പ്രാർഥിച്ചു പോകും. സമൂഹത്തിന്റെ മാലാഖയായി സുനിൽ ടീച്ചറെ കാണുന്നവരേറെയാണ്. ടീച്ചറുടെ പെണ്കരുത്തിന് നൂറല്ല, 101 കുടുംബങ്ങളിൽ സന്ധ്യാവിളക്കിന്റെ തെളിമയിൽ പ്രാർഥനയുണ്ടാകും.
ഡോ.എം.എസ്. സുനിൽ എന്ന റിട്ടയേഡ് കോളജ് അധ്യാപികയുടെ ശ്രമം കൊണ്ട് 101 കുടുംബങ്ങളാണ് സ്വന്തം കൂരയ്ക്കു കീഴിൽ അന്തിയുറങ്ങുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൾക്കും ടർപ്പാളിനും കീഴിൽ കിടന്നിരുന്ന അമ്മയും പെണ്കുഞ്ഞുങ്ങളുമൊക്കെ ടീച്ചറുടെ കാരുണ്യത്തിൽ സ്വന്തം വീടുകളിലേക്കു മാറിയിട്ടുണ്ട്. 100, 101 വീടുകളുടെ താക്കോൽദാനമാണ് പത്തിനു തട്ടയിൽ ഗ്രാമത്തിൽ നടക്കുന്നത്.
സുനിൽ ടീച്ചറുടെ സഹായം തേടി വരുന്നവർ ഏറെയാണ്. അർഹരായ ആരെയും ടീച്ചർ നിരാശപ്പെടുത്താറില്ല. ഇക്കൂട്ടത്തിൽ വീടു വേണ്ടവരുണ്ട്. ചികിത്സയ്ക്കു സഹായം തേടുന്നവരുണ്ട്. പഠനാവശ്യത്തിനു സമീപിക്കുന്നവരുണ്ട്, എന്തിനേറെ ഭക്ഷണത്തിനുവേണ്ടി സഹായം ചോദിക്കുന്നവരുമുണ്ട്.
എല്ലാവർക്കും നൽകാൻ ടീച്ചറുടെ സന്പത്തുണ്ട്. അത്രമാത്രം ധനികയാണോ ഈ ടീച്ചറെന്ന ചോദ്യത്തിനും മറുപടി. ഇതു ടീച്ചറുടെ മാത്രം പണമല്ല, സമൂഹം അവരെ ഏല്പിക്കുന്നതാണ്. ഇതു കൃത്യമായി എത്തേണ്ട സ്ഥാനത്ത് എത്തിക്കാൻ കഴിയുന്നുവെന്നതാണ് ഡോ.എം.എസ്. സുനിലിനെ വ്യത്യസ്തയാക്കുന്നത്.
അർഹരായവർക്ക് വീടുകൾ നിർമിച്ചു ദാനം ചെയ്യുന്ന സുനിൽ ടീച്ചറിനെ മാത്രമേ ഒരു പക്ഷേ ഇന്ന് സമൂഹം അറിയൂ. അതവരുടെ പ്രവർത്തന മേഖലയിൽ ഒന്നുമാത്രം. ആദിവാസി കുടികൾ കയറിയിറങ്ങി അവരുടെ വേദന അറിയുന്നയാളാണ് സുനിൽ ടീച്ചർ. സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിക്കാൻ ടീച്ചർക്കു കഴിയുന്നു.
നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനസഹായം, ഭക്ഷണം എന്നിവ കൃത്യമായി എത്തിക്കുന്നു. അന്നത്തിനു മുട്ടുള്ള മേഖലയിലും ചികിത്സാസഹായം ആവശ്യമെന്നു കാണുന്നിടത്തും സുനിൽ ടീച്ചർ ഓടിയെത്താറുണ്ട്. രക്തദാന പ്രസ്ഥാനത്തിലും ടീച്ചറുടെ സേവനം കടന്നുചെന്നി്ട്ടുണ്ട്. സമൂഹത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതാണ് ടീച്ചറുടെ ജീവിതം. ഇതിനൊപ്പം വ്യക്തിജീവിതവും കുടുംബജീവിതവും മുന്പോട്ടുകൊണ്ടുപോകുന്നു.
കൈക്കുഞ്ഞുങ്ങളുമായി പ്ലാസ്റ്റിക് കൂരകൾക്കു കീഴിൽ അന്തിയുറങ്ങുന്ന അമ്മാർ, പ്രായമായ പെണ്കുട്ടിയും തീരാവ്യാധിയായ ഭർത്താവുമായി നിത്യവൃത്തിക്കു വകയില്ലാതിരുന്ന വീട്ടമ്മ, വയോധികയായ മാതാപിതാക്കളും വിധവയായ വീട്ടമ്മയും നിത്യരോഗിയായ അമ്മയും അച്ഛനില്ലാത്തതും പറക്കമുറ്റാത്തതുമായ കുഞ്ഞുങ്ങളും തുടങ്ങി ഡോ.എം.എസ്. സുനിലിന്റെ കാക്കുംകരങ്ങളിൽ സുരക്ഷിതരായവർ ഏറെ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സുവോളജി വിഭാഗം അധ്യാപികയായിരിക്കെ ശിഷ്യയായ ആശയുടെ വീടു നിർമിച്ചുകൊണ്ടായിരുന്നു തുടക്കം. 2005 2006ലായിരുന്നു ഇത്. പെണ്കുട്ടിയുടെ ആവശ്യം അറിഞ്ഞുള്ള സഹായം. എൻഎസ്എസ് വോളണ്ടിയർമാരായ കുട്ടികൾ മുൻകൈയെടുത്തു ഒരു വീട് നിർമിച്ചപ്പോൾ ടീച്ചർ ഇത് ഒരു ഉദ്യമമായി ഏറ്റെടുത്തു.
സ്വന്തമായ വസ്തു ഉണ്ടായിട്ടും ഒരു കൂര നിർമിക്കാൻ കഴിയാത്തവർ ഏറെയായിരുന്നു. ഇവരിലേറെയും നിരാശ്രയരായ വനിതകൾ. ടീച്ചറുടെ സഹായം എത്തിയവരിൽ ഏറെയും ഇത്തരം വനിതകളാണ്. ഭവനനിർമാണ പ്രക്രിയയിൽ ടീച്ചറിനു കൈത്താങ്ങായി നിരവധി വ്യക്തികളും പൗരപ്രമുഖരും ജനപ്രതിനിധികളും സംഘടനകളും എല്ലാം എത്തി. അവരുടെയൊക്കെ സഹായം സ്വീകരിച്ച് വീട് നിർമാണത്തിനു നേതൃത്വം നൽകുകയായിരുന്നു ഡോ.എം.എസ്. സുനിൽ. വീടുകളേറെയും പത്തനംതിട്ട ജില്ലയിലാണ്. ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലും് വീടുകൾ നിർമിച്ചു നൽകി.
നൂറാമത്തെ വീട് തനിക്കു ലഭിച്ച സമ്മാനത്തുകയിൽ നിന്ന്
നൂറാമത്തെ വീട് പൂർത്തീകരിക്കുന്നത് ഡോ.എം.എസ്. സുനിലിന്റെ സ്വന്തമായ ശ്രമത്തിൽ തന്നെയാണ്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള നാരിശക്തി പുരസ്കാരമായി രാഷ്ട്രപതി സമ്മാനിച്ച ഒരു ലക്ഷംരൂപയും ബഹറിൻ സീറോ മലബാർ സൊസൈറ്റിയുടെ പുരസ്കാരമായി ലഭിച്ച 65,000 രൂപയും മറ്റു സംഘടനകളിൽ നിന്നു ലഭിച്ച പുരസ്കാരങ്ങളുൾപ്പെടെ 2.60 ലക്ഷം രൂപ ചെലവഴിച്ചാണ് തട്ടയിൽ പടുക്കോട്ടുങ്കൽ സ്വദേശി മേരിക്കും മകൻ ജോയലിനുമായി സമർപ്പിക്കുന്നത്. . 101 ാമത് വീടും ഇതേ സ്ഥലത്തു മറ്റൊരു കുടുംബത്തിനു നൽകുന്നു.
സീറോ മലബാർ സൊസൈറ്റി വാഗ്ദാനം ചെയ്ത 10 വീടുകളിൽ രണ്ടാമത്തേതാണ് ഇത്. 98 ാമത്തെ വീടും സൊസൈറ്റിയുടെ വകയായിരുന്നു. മറ്റ് ഏഴ് വീടുകൾ കൂടി നിർമാണത്തിലുമാണ്.
ചെലവ് 2.5 ലക്ഷമായി
ടീച്ചറുടെ ചുമതലയിൽ രണ്ട് മുറി, സിറ്റൗട്ട്, അടുക്കളം, ശൗചാലയം ഇവ അടങ്ങുന്ന വീടാണ് നിർമിക്കാറുള്ളത്. സ്വന്തമായി സ്ഥലമുള്ള അർഹരായവരെ കണ്ടെത്തുന്നതും സുനിൽ ടീച്ചർ തന്നെയാണ്. ആദ്യകാലങ്ങളിൽ വീട് നിർമിക്കാൻ 75,000 രൂപ മുതൽ ഒരു ലക്ഷം വരെ മതിയായിയിരുന്നു. ഇന്നിപ്പോൾ ചെലവ് 2.5 ലക്ഷവും കവിയും. എറണാകുളത്ത് ഒരു വീട് നിർമിച്ചത് 3.5 ലക്ഷത്തിന്േ!റതാണെന്ന് ടീച്ചർ പറഞ്ഞു.
ഓരോ വീടു നിർമിക്കുന്പോഴും ചടങ്ങുകളോ മീറ്റിംഗുകളോ ഉണ്ടാകാറില്ല, താക്കോൽദാനത്തിനു ചെറിയൊരു മീറ്റിംഗ് നടത്തും. വീട് നിർമാണത്തിനു സഹായിച്ചവരാകും ഏറെയും താക്കോൽദാനം നിർവഹിക്കുക. അതുമല്ലെങ്കിൽ അവർ നിർദേശിക്കുന്നവരെ കൊണ്ടുവരാറുണ്ട്.
ഇത്തരം ഒരു മീറ്റിംഗ് നടത്തുന്നതു തന്നെ തുടർന്നുള്ള വീടുകളുടെ നിർമാണത്തിനു ആർക്കെങ്കിലുമൊക്കെ പ്രചോദനമാകട്ടേയെന്ന് കരുതിയാണ്. നിർമാണ മേഖലയിൽ ടീച്ചറുടെ ശിഷ്യരും അഭ്യുദയകാംക്ഷികളുമൊക്കെ സഹായം ലഭിക്കും. എന്നിരുന്നാലും എല്ലായിടത്തും സുനിൽ ടീച്ചർ ഓടിയെത്തും.