കൊച്ചി: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നു രാവിലെ പത്തിന് ആരംഭിച്ച പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ചത്.
സിറ്റിംഗില്‍ ഡിജിപി അനില്‍കാന്ത്, എഡിജിപി അജിത്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. നമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനം തന്നെയാണ്.
വിഷയത്തെ സര്‍ക്കാര്‍ അലസമായി കാണരുത്. സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞു.
ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലാണ്. എത്രയോ ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും. ഭയത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.
വസ്തുതകള്‍ വളച്ചൊടിക്കരുത്. വസ്തുത വസ്തുകയായി തന്നെ പറയണം. പരിശോധനയ്ക്ക് പ്രതിയെ കയറ്റിയപ്പോള്‍ പോലീസ് എവിടെയായിരുന്നു.
11 തവണയാണ് ഡോ. വന്ദനയ്ക്ക് കുത്തേറ്റതെന്നും കോടതി കുറ്റപ്പെടുത്തി. നാലു മിനിറ്റ് കൊണ്ടാണ് ആശുപത്രിയില്‍ എല്ലാം സംഭവിച്ചതെന്ന് എഡിപി കോടതിയില്‍ പറഞ്ഞു.
ഇന്നലെ വിഷയം പരിഗണിച്ച കോടതി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടിക്കൂടേയെന്ന് സര്‍ക്കാരിനോടു ഡിവിഷന് ബെഞ്ച് ചോദിച്ചിരുന്നു.