തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിയുടെ ആക്രമണം തടയാനുള്ള പരിചയം വനിതാ ഡോക്ടറായ വന്ദനയ്ക്കില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന വിമർശനത്തിനിടയാക്കി. ലഹരിക്കടിമയായ ആൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ്കുമാർ എംഎൽഎ പ്രതികരിച്ചു. അക്രമി ഡോക്ടറെ കുത്തി വീഴ്ത്തിയ ശേഷം പുറത്തുകയറി നിരവധി തവണ കുത്തിയെന്നും ഗണേഷ്കുമാർ പറഞ്ഞു.
അതേസമയം സംഭവം നിർഭാഗ്യകരവും ദാരുണവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു.
ഡോക്ടറുടെ ജീവൻരക്ഷിക്കാൻ കഴിയാത്തത് വിഷമം ഉണ്ട ാക്കുന്നു. പോലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുണ്ടയിരുന്ന ആശുപത്രിയിൽ നടന്ന ദാരുണമായ സംഭവത്തിൽ വേദനയുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്നും പൊതുസമൂഹം പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും.
ഇതിനായി ആരോഗ്യപ്രവർത്തകരുടെ സംഘടനകളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തികഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.