സീമ മോഹന്‍ലാല്‍
പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് ഡോ. വിന്ദുജ മേനോന്. പവിത്രത്തിലെ മോഹന്‍ലാലിന്റെ ചേട്ടച്ചനും വിന്ദുജയുടെ മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന വിന്ദുജ “ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു.
കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമല മേനോന്റെ മകളായ വിന്ദുജ അമ്മയുടെ വഴിയെ നൃത്തത്തിലും കഴിവു തെളിയിച്ചു.
അടുത്തിടെ നൃത്തത്തിലും സംഗീതത്തിലും വിന്ദുജയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജയുടെ താമസം. ഇപ്പോഴിതാ, മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇവര്‍. വിശേഷങ്ങളിലേക്ക്…
വെള്ളിത്തിരയിലേക്ക്
പ്രിയദര്ശന് അങ്കിളിന്റെ ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ ആയിരുന്നു ആദ്യ ചിത്രം. അതില്‍ ഒരു പാട്ടിന് കോറസ് പാടാനായി യേശുദാസ് സാറിന്റെ തരംഗിണി സ്റ്റുഡിയോയില്‍ പോയി.
അവിടെവച്ചാണ് ശങ്കറേട്ടനെ ആദ്യമായി കാണുന്നത്. ഞാന്‍ ശങ്കറേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹമാണ് ഹീറോയെന്ന് അറിയില്ലായിരുന്നു.
ഈ മോളെക്കൊണ്ട് തന്റെ അനിയത്തി കഥാപാത്രത്തെ ചെയ്യാന്‍ കഴിയുമോയെന്ന് അദ്ദേഹം പ്രിയദര്ശന് അങ്കിളിനോട് ചോദിച്ചു. ഉടന്‍തന്നെ ഷൂട്ടിംഗ് നടന്നു. ഞാന്‍ മൂന്നാം ക്ലാസില്‍ ആയിരുന്നു. ഷൂട്ടിംഗ് എന്താണെന്നൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു.
പക്ഷേ ശങ്കറേട്ടനെ കാണാന്‍ പറ്റുമല്ലോയെന്ന സന്തോഷമായിരുന്നു എനിക്ക്. ആ ഷൂട്ടിംഗ് നടന്നത് എനിക്ക് ഏറെ പരിചിതമായ ഫാമിലിയിലായിരുന്നു. നടന് കെ.ബി ഗണേഷ് കുമാറിന്റെ വീട്ടില്‍. ബാലകൃഷ്ണപിള്ള സാർ മന്ത്രിയായിരുന്ന സമയത്ത് ആ ബംഗ്ലാവില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. അതാണ് എന്റെ ആദ്യ സിനിമ പരിചയം.
തുടര്‍ന്ന് ചെയ്ത നൊമ്പരത്തിപ്പൂവും ഞാന്‍ ഗന്ധര്‍വനും പദ്മരാജന് അങ്കിളിന്റേതാണ്. അതും എനിക്ക് പരിചിതമായ ഫാമിലിയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ മാധവിക്കുട്ടിയും ഞാനും എന്റെ അമ്മയുടെ ഡാന്‍സ് ക്ലാസില്‍ ഒരുമിച്ചാണ് പഠിച്ചത്.
മകളോടുള്ള സ്നേഹവാത്സല്യം അദ്ദേഹം എന്നോട് കാണിച്ചിരുന്നു. നൊമ്പരത്തിപ്പൂവില്‍ ലാലു അലക്സിന്റെയും മാധവിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. ഞാന്‍ ഗന്ധര്‍വനില്‍ സുപര്‍ണയുടെ അനുജത്തിയായിരുന്നു.
പദ്മരാജനൊപ്പം
പദ്മരാജന് അങ്കിളിന്റെ കൂടെ പ്രവര്‍ത്തിക്കാനായതിന്റെ ഭാഗ്യം കൂടെ കൊണ്ടുനടക്കുന്ന ആളാണ് ഞാന്‍. ലെജന്‍ഡായ അദ്ദേഹത്തിന്റെ നൊമ്പരത്തിപ്പൂവില്‍ ബാലതാരമായിട്ടാണ് ഞാന്‍ അഭിനയിച്ചത്.
ഞാന്‍ ഗന്ധര്‍വനിലേക്ക് വന്നപ്പോള്‍ ഞാന്‍ സീരിയസ് ആയി സിനിമയെ കാണാന്‍ തുടങ്ങി. ഡയലോഗും ബോഡി ലാംഗ്വേജുമൊക്കെ അങ്കില് പറഞ്ഞുതരും.
അങ്കിളിന്റെ അവസാന സിനിമയായിരുന്നു അത്. ഒരു ഷൂട്ടിംഗിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നൊക്കെ അദ്ദേഹം എനിക്കു പറഞ്ഞുതന്നു.
പവിത്രത്തില്‍ അഭിനയിച്ചത് അങ്കിളിന് കാണാന്‍ പറ്റാത്തതിലുള്ള വിഷമം എനിക്ക് എന്നുമുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായത് മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്.
അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ വീണ്ടും അതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. പദ്മരാജന് അങ്കിളിന്റെ കുറവ് പലപ്പോഴും ഫീല്‍ ചെയ്തിട്ടുണ്ട്.
പവിത്രത്തിലെ മീനാക്ഷി
പവിത്രത്തിനുമുമ്പ് മൂന്ന് സിനിമകള്‍ ചെയ്തിരുന്നു. അതിനുശേഷം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായി. തിരുവനന്തപുരത്തെ ആദ്യ കലാതിലകം എന്ന നിലയിലും കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന രീതിയിലും പത്രമാധ്യമങ്ങളില്‍ മുഖചിത്രങ്ങളും അഭിമുഖങ്ങളുമൊക്കെ വന്നു.
പവിത്രത്തിന്റെ സംവിധായകന് ടി.കെ. രാജീവ് കുമാറുമായിട്ട് കുടുംബബന്ധമുണ്ട്. ഒരിക്കല്‍ രാജീവേട്ടന് അമ്മയെ വിളിച്ചിട്ട് വിന്ദുജയെ അഭിനയിപ്പിക്കുമോയെന്നു ചോദിച്ചു. കഥ കേള്ക്കട്ടെയന്ന് അമ്മ പറഞ്ഞു.
രാജീവേട്ടനിലുള്ള വിശ്വാസവും കഥയുടെ സവിശേഷതയും പ്രഗത്ഭ കലാകാരന്മാരുടെ കൂട്ടായ്മയുമൊക്കെ അതിലേക്ക് അഭിനയിക്കാന്‍ തീരുമാനിച്ചു. മീനാക്ഷി എന്ന കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചത് രാജീവേട്ടന്റെ കഴിവുതന്നെയാണ്.
ബാലേട്ടനും……… ചേട്ടച്ഛനു(മോഹന്‍ലാല്‍)മൊക്കെ ഒരുപാട് സഹായിച്ചു. അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.
സിനിമയിലേക്കുള്ള രണ്ടാം വരവ്
രണ്ടാംവരവ്, മൂന്നാം വരവ് അങ്ങനെയൊന്നും പറയാന്‍ അറിയില്ല. കലാകാരന്മാരെ സംബന്ധിച്ച് വരവും പോക്കുമില്ല. പവിത്രമൊക്കെ ചെയ്തു നില്ക്കുന്ന സമയത്തും സിനിമയ്ക്കൊപ്പം ഡാന്‍സും ആങ്കറിംഗുമൊക്കെ ഞാന്‍ ചെയ്തിരുന്നു. ഒരിക്കലും സിനിമയില്‍ മാത്രമായിരുന്നില്ല എന്റെ ഫോക്കസ്. ഇതൊടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി.
ഒരിക്കല്‍ മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ആക്ഷന്‍ ഹീറോ ബിജുവിന്റെ സംവിധായകന് എബ്രിഡ് ഷൈന്‍ എന്നെ വിളിച്ചു. ഒരു കഥാപാത്രമുണ്ട് ചെയ്യാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചു. അഭിനയത്തില്‍ എനിക്കൊരിക്കലും താത്പര്യക്കുറവ് ഉണ്ടായിട്ടില്ല. സാഹചര്യങ്ങളുടെ വ്യത്യാസമാണ് കഥാപാത്രം ചെയ്യണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്.
എന്നെ വിളിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഷൈനിനോട് ചോദിച്ചു. താന്‍ സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ് വിന്ദുജയുടേതെന്ന് ഷൈന്‍ പറഞ്ഞു.
വലിയ ആഗ്രഹമുണ്ട്, അതുകൊണ്ട് വിന്ദുജയുടെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാന്‍ ലൊക്കേഷനില്‍ വരാം, കഥാപാത്രവുമായി യോജിക്കുന്നുണ്ടോയെന്നു നോക്കാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ അവിടെ ചെന്നു. ഷൈനും നിവിനും എനിക്ക് പോസിറ്റീവ് വൈബ് തന്നു.
രണ്ടു സീനേയുള്ളൂവെങ്കിലും നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു അത്. ഇനിയും അത്തരത്തിലുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും. സിനിമയ്ക്ക് ഒരു ഗുണമുണ്ട്. നമുക്ക് പതിനഞ്ച് വയസിലും ഇരുപതു വയസിലും അമ്പതുവയസിലും എഴുപതു വയസിലും അഭിനയിക്കാം. മരിക്കുന്നതുവരെ അഭിനയിക്കാം. ഏതു വയസിലും നമ്മുടെ കഴിവുകള്‍ മറയുന്നില്ലല്ലോ.
സീരിയല്‍ ജീവിതം തരുന്ന സംതൃപ്തി
സിനിമയുടെ കൂടെത്തന്നെ ഞാന്‍ സീരിയലില്‍ അഭിനയിച്ചിരുന്നു. സീരിയലില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയതുകൊണ്ടാണ് ചെയ്തത്. ബിഗ് സ്ക്രീനെന്നോ സ്മോള്‍ സ്ക്രീനെന്നൊ ഞാന്‍ വേര്‍തിരിച്ചിട്ടില്ല.
അഭിനയം എന്നത് പല തോതിലാണെങ്കിലും അതൊക്കെ ഒന്നു ചെയ്തുനോക്കണമെന്നത് എന്റെ ആഗ്രഹമാണ്. അത് ലൈഫ് ടൈം എക്സ്പീരിയന്‍സ് ആണ്.
കലാതിലകം ആയതിനുശേഷം സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകത്തില്‍ എനിക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയിരുന്നു. എല്ലാ മേഖലകളില്‍ ഒന്നു ട്രൈ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.
കുടുംബം
ഭര്‍ത്താവ് രാജേഷ് കുമാര്‍. മലേഷ്യയില്‍ ഏഷ്യ പസഫിക്കിന്റെ വൈസ് പ്രസിഡന്റാണ്. മകള്‍ നേഹ മെല്‍ബണില്‍ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ആര്‍ക്കിടെക്ചറിനു പഠിക്കുന്നു. കലയില്‍ മോള്‍ക്കും താല്പര്യമുണ്ട്. നേഹ നന്നായി വരയ്ക്കും.
ഫോട്ടോ- ഇക്കൂട്ട്സ് രഘു ആലുവ