അമേരിക്കയില്‍ നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഔഷധങ്ങളുടെ കലവറയായ ഇതിനെ സൂപ്പര്‍ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍- സി ധാരാളമടങ്ങിയിട്ടുള്ള ഈ ഫലം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ദഹന സഹായിയായി പ്രവര്‍ത്തിക്കുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിലെ ലൈക്കോപ്പെന്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു. പോളിഫിനോള്‍സും കരോട്ടിനുകളും ട്യൂമറുകളെ ഇല്ലാതാക്കാനും മറ്റു കാന്‍സറുകളെ തടയാനും പര്യാപ്തമാണ്. വിറ്റാമിന്‍ ബി-3, വിറ്റാമിന്‍-സി എന്നിവ പ്രായാധിക്യത്താല്‍ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ തടഞ്ഞ് യൗവനം നിലനിര്‍ത്തുന്നു.
കേരളത്തിന്റെ കാലാവസ്ഥയില്‍ നന്നായി വളര്‍ത്താന്‍ കഴിയുന്ന ഒരു പഴവര്‍ഗവിളയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. നമ്മുടെ നാട്ടിലെ മഴയും ചൂടും ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. കുറ്റിച്ചെടിപോലെ വളര്‍ന്നു പടരുന്ന ഒരു മുള്‍ചെടിയാണിത്.
കടുംപച്ചനിറത്തില്‍ ഒന്നിനോടൊന്നു ചേര്‍ത്തപോലെ വളരുന്ന തണ്ടുകളില്‍ ഇലകള്‍ ഒന്നും തന്നെയില്ല. ചില ഇനങ്ങളില്‍ വളരെ ചെറിയ ഇലകളും കാണാന്‍ കഴിയും. ഡ്രാഗണ്‍ ഫ്രൂട്ട് വാണിജ്യതോതില്‍ കൃഷിചെയ്യാവുന്ന താണ്. മുപ്പത് ഡിഗ്രി സെല്‍ഷ്യസ് ചൂടു ലഭിക്കുന്ന ഇടങ്ങളില്‍ നന്നായി വളരുന്ന ഈ ചെടിക്ക് നല്ലവെയിലും മഴയും അത്യാവശ്യമാണ്.
ഡ്രാഗണ്‍ ഫ്രൂട്ട് വിളയിച്ച് ജോഷി
വെയിലും മഴയും മാറിമാറി വരുന്ന കേരളത്തിലെ കാലാവസ്ഥയില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് ഉയര്‍ന്ന ഉത്പാദനവും വളര്‍ച്ചയും ഉണ്ടാകുമെന്ന് തെളിയിച്ച കര്‍ഷകനാണ് ഈരാറ്റുപേട്ട വെള്ളുക്കുന്നേല്‍ ജോഷി ജോസഫ്.
വളരെ ഉയര്‍ന്നതോ താഴ്ന്ന തോ ആയ താപനിലയിലും ഉയര്‍ന്ന തോതിലുള്ള ചൂടിലും ഇവയുടെ വളര്‍ച്ച മുരടിക്കും. ജൈവാംശമുള്ള മണല്‍ കലര്‍ന്ന മണ്ണില്‍ നന്നായി വളരുമെന്നാണ് ജോഷിജോസഫിന്റെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കൗതുകമായിട്ടാണ് വല്യച്ചന്‍ മലയുടെ താഴ്‌വാരത്തെ റംബൂട്ടാന്‍ തോട്ടത്തോട് ചേര്‍ന്ന് ഡ്രാഗണ്‍ ഫ്രൂട്ട് ചെടി നട്ടുപിടിപ്പിക്കുന്നത്. ചെടിയുടെ വളര്‍ച്ചയും ഫലങ്ങളുടെ മാര്‍ക്കറ്റിംഗും മനസിലാക്കിയപ്പോള്‍ കൂടുതല്‍ തൈകള്‍ സ്വയം ഉത്പാദിപ്പിച്ച് നടാന്‍ തുടങ്ങി. ഇന്ന് മുന്നൂറു ചെടികളുള്ള ഒരു കൃഷിയിടമാണിത്.
ഇന്ന് ലഭ്യമായ മൂന്നിനങ്ങളില്‍ രണ്ടിനങ്ങള്‍ ജോഷിയുടെ കൃഷിയിടത്തിലുണ്ട്. തൊലിയുടെയും പള്‍പ്പിന്റെയും നിറത്തില്‍ വ്യത്യസ്തതയും രുചിയുടെ മാറ്റങ്ങളും കൊണ്ട് ഇവ വേറിട്ടു നില്‍ക്കുന്നു. ‘പിത്തായ ബ്ലാക്ക്’ എന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ചുവപ്പ് നിറമെങ്കിലും വെളുത്ത പള്‍പ്പാണുള്ളത്. മധുരം കുറവായ ഈ ഇനമാണ് സാധാരണയായി കണ്ടുവരുന്നത്.
ചുവന്ന തൊലിയും ചുവന്ന പള്‍പ്പുമുള്ള ‘പിത്തായ റോജയ്ക്ക്’ മധുരം കൂടുതലാണ്. കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ് ചുവപ്പ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇവയാണ് ജോഷിയുടെ കൃഷിയിടത്തിലുള്ള ഇനങ്ങള്‍. ഇതിനു പുറമെ ‘പിത്തായ മറില്ല’ എന്ന ഇനവുമുണ്ട് മഞ്ഞതൊലിയും വെളുത്ത പള്‍പ്പുമുള്ള ഇനമാണിത്. നിറം കൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷകമല്ലാത്തതിനാല്‍ വില്പന ബുദ്ധിമുട്ടാണ്. അഞ്ച് വര്‍ഷമായ ഒരു ചെടിയില്‍ നിന്ന് നാല്പതിലേറെ പഴം ലഭിക്കും.
നടീല്‍
സാധാരണ വിത്തുപാകി മുളപ്പിക്കുന്ന രീതി വളരെ കുറവാണ്. വിത്തുകള്‍ പാകി തൈകളുണ്ടാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതും ഫലങ്ങളുണ്ടാക്കാന്‍ കൂടുതല്‍ വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നതുകൊണ്ടും വാണിജ്യാടിസ്ഥാനത്തില്‍ ഇത് ലാഭകരമല്ല. കൂടാതെ മാതൃചെടിയുടെ ഗുണങ്ങളില്ലാത്ത തൈകളുണ്ടാകുന്നതുകൊണ്ട് ഈ രീതി ആരും ഉപയോഗിക്കുന്നില്ല. പകരം തണ്ടുമുറിച്ചു നടുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്.
ചാണകപ്പൊടിയും കൃഷിയിടത്തിലെ മേല്‍മണ്ണും ചേര്‍ത്ത് തയാറാക്കുന്ന മിശ്രിതം നിറച്ച കവറുകളിലാണ് തൈകള്‍ വളര്‍ത്തിയെടുക്കുന്നത്. തുടര്‍ച്ചയായി മൂന്നുവര്‍ഷം നല്ലവിളവു ലഭിച്ചതും അഞ്ചു വര്‍ഷത്തെ പ്രായമെത്തിയതുമായ ചെടികളില്‍ നിന്ന് തണ്ടുശേഖരിക്കണം.
ഉയര്‍ന്ന ഉത്പാദനത്തിന് ഗുണമേന്മയുള്ള നല്ല നടീല്‍ തണ്ടുകള്‍ തന്നെ തെരഞ്ഞെടുക്കണം. സാധാരണ പതിനഞ്ച് സെന്റീമീറ്റര്‍ വരെ നീളമുള്ള തണ്ടുകളാണ് നടീലിന് ഉപയോഗിക്കുന്നത്. തണ്ടുകള്‍ മുറിച്ചെടുത്ത് തണലില്‍ ഏഴ് ദിവസം സൂക്ഷിച്ചശേഷം നടുന്ന രീതിയാണ് ഏറ്റവും നല്ലത്. മണ്ണില്‍ നിന്നുള്ള കുമിള്‍ബാധയെ തടയാന്‍ ഇതുമൂലം സാധിക്കും. തണ്ടുകള്‍ നട്ടതിനുശേഷം വേരു പിടിക്കുന്നതിനുവേണ്ടി മൂന്നു മാസം വരെ തണലില്‍ പരിചരണം നല്‍കണം. പിന്നീട് കൃഷിയിടത്തിലേക്കു മാറ്റി നടാം.
വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് രണ്ടടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ത്ത് മേല്‍മണ്ണിട്ടു നിറയ്ക്കുക. അടിസ്ഥാനമായി കമ്പോസ്റ്റു വളം നല്‍കിയാലും മതി. പിന്നീട് തൈകള്‍ നടാം. രണ്ടുമീറ്റര്‍ അകലത്തിലാണ് തൈകള്‍ നടേണ്ടത്.
വളര്‍ച്ചയനുസരിച്ച് വര്‍ഷത്തില്‍ മൂന്നു തവണ ജൈവവളം നല്‍കണം. ഒരു വര്‍ഷം കഴിയുന്നതോ ടെ പുഷ്പിച്ചു തുടങ്ങും. ഓരോവര്‍ഷം കഴിയുന്തോറും ഫലങ്ങളുടെ എണ്ണവും കൂടും. അഞ്ചാം വര്‍ഷം മുതല്‍ നല്ലവിളവു ലഭ്യമാകും. മൂന്നൂറ് ഗ്രാമില്‍ കുറയാത്ത ഫലങ്ങളാണ് ഉണ്ടാകുക. മുക്കാല്‍കിലോവരെ തൂക്കമുള്ള ഫലങ്ങളും ഉണ്ടാകാറുണ്ട്.
പരിചരണം
താങ്ങുകാലുകളുടെ സഹായത്തോടെ വളര്‍ന്ന് പടരുന്ന ചെറുചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. തൈകള്‍ നട്ടു കഴിയുമ്പോഴോ നടുന്നതിനു മുമ്പോ ഇവയ്ക്കു വേണ്ട താങ്ങുകാലുകള്‍ സ്ഥാപിക്കണം. നിലത്തുനിന്ന് പഴങ്ങള്‍ പറിച്ചെടുക്കാന്‍ കഴിയുന്ന ഉയരത്തിലുള്ള താങ്ങുകാലുകളാണ് നല്‍കേണ്ടത്. തടിയോ കോണ്‍ ക്രീറ്റ് കാലുകളോ കല്ലിന്‍തൂണുകലോ ഉപയോഗിക്കാം.
മുകളില്‍ നിന്ന് ചെടിയുടെ ശിഖരങ്ങള്‍ ചുറ്റിലും പടര്‍ന്ന് താഴേക്കു തൂങ്ങി നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ചെറുവാഹനങ്ങളുടെ ടയറുകള്‍ തൂണുകള്‍ക്ക് മുകളില്‍ ഉറപ്പിക്കുന്നത് നല്ലതാണ്. മുകളില്‍ എത്തുന്നതുവരെ രണ്ടോ മൂന്നോ ശിഖരങ്ങളെ വളര്‍ത്തി വിടാവൂ. ബാക്കി യുള്ളവ നശിപ്പിക്കണം.
മുകളില്‍ എത്തിക്കഴിയുമ്പോള്‍ തണ്ടിന്റെ മുകളറ്റവും മുറിച്ചു കളയണം. ഇത് കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും. കൂടുതല്‍ ശാഖകള്‍ ഉണ്ടായാല്‍ മാത്രമേ കൂടുതല്‍ ഫലങ്ങള്‍ ഉണ്ടാകുകയുള്ളൂ. വേലിപോലെ കാലുകള്‍ നാട്ടി വളര്‍ത്തുന്ന രീതിയും ജോഷി ജോസഫ് പിന്‍തുടരുന്നുണ്ട്.
മറ്റു കാര്‍ഷിക വിളകളെപ്പോലെ ഡ്രാഗണ്‍ ഫ്രൂട്ടിനും പരിചരണം ആവശ്യമാണ്. വേനല്‍ ക്കാലത്ത് നന അത്യാവശ്യമാണ്. കൂടുതല്‍ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും വളര്‍ച്ചനോക്കി വളം നല്‍കണം. സാധാരണ വളര്‍ച്ചയുള്ള ഒരു ചെടിക്ക് ഒരു വര്‍ഷം പതിനഞ്ചുകിലോ ജൈവവളം നല്‍കിയാല്‍ മതി. ഇത് രണ്ടോ മൂന്നോ തവണയായി നല്‍കുന്നതാണ് നല്ലത്.
കൂടുതല്‍ വളര്‍ച്ചയുള്ള ചെടികള്‍ക്ക് കൂടുതല്‍ വളം നല്‍കേണ്ടിവരും. പുഷ്പിക്കുന്നതിന് രണ്ട് മാസം മുമ്പ് യൂറിയ, പൊട്ടാഷ് രാജ് ഫോസ് തുടങ്ങിയവ നല്‍ കുന്ന രീതിയുണ്ട്. മണ്ണിലെ പോഷകഗുണങ്ങള്‍ പരിശോധിച്ച് കുറവുള്ള മൂലകങ്ങള്‍ നല്‍കുന്നരീതിയാണ് ഏറ്റവും ഉത്തമം. ഡ്രാഗണ്‍ ചെടികള്‍ക്ക് മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി വളപ്രയോഗം നടത്തിയാല്‍ വിളവും വളര്‍ച്ചയും മെച്ചപ്പെടുമെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം.
കാരണം ചെടികളുടെ മൂന്ന് പ്രധാന ഘട്ടങ്ങളാണ് ഈ മാസങ്ങള്‍. ഒന്ന് – പുഷ്പിക്കുന്ന സമയം, രണ്ട്- കായ്കള്‍ പിടിക്കുന്ന സമയം, മുന്ന്- വിളവെടുപ്പിനു ശേഷം. ജീവനുള്ള എല്ലാവസ്തുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക പരിചരണം നല്‍കുമ്പോള്‍ രോഗപ്രതിരോധശേഷിയും വളര്‍ച്ചയും ഉണ്ടാകുമെന്നാണ് സസ്യശാസ്ത്രം.
വിളവെടുപ്പ്
പൊതുവേ രോഗ-കീടബാധകള്‍ വളരെ കുറവുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയില്‍ ഏപ്രില്‍-മേയ് മാസങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. രാത്രിയില്‍ വിരിയുന്ന പൂക്കള്‍ മൂന്നു ദിവസം കൊണ്ട് കായായി മാറും. തുടര്‍ന്ന് ആറു മാസംവരെ കായ്പിടിത്തം തുടരും. സാധാരണഗതിയില്‍ ഡിസംബറിനുള്ളില്‍ ആറു തവണ കായ് പറിച്ചെടുക്കാന്‍ കഴിയും. പഴങ്ങള്‍ പഴുത്ത് പച്ചയില്‍ നിന്നും ചുവപ്പ്, മഞ്ഞ നിറമാകുമ്പോഴാണ് പറിച്ചെടുക്കുന്നത്.
തൊലിയുടെ നിറം പൂര്‍ണമായി മാറിക്കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പറിച്ചെടുക്കണം. കയറ്റുമതി ചെയ്യാനാണെങ്കില്‍ നിറം മാറുന്നതിനു മുമ്പേ പറിച്ചെടുക്കണം. പഴങ്ങള്‍ അഞ്ചു ദിവസം വരെ കേടാകാതിരിക്കും. കൂടുതല്‍ ദിവസം സൂക്ഷിച്ചു വയ്ക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. തോട്ടത്തില്‍ നിന്നു പറിച്ചെടുക്കുന്ന പഴങ്ങള്‍ ഫ്രഷായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കാണ് നല്‍കുന്നത്. മാര്‍ക്കറ്റില്‍ കിലോ യ്ക്ക് മുന്നൂറ് രൂപ വിലയുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ഇരുന്നൂറ് രൂപയില്‍ കുറയാതെ കര്‍ഷകനു ലഭിക്കും.
നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് ഇടവിളയായി കൃഷിചെയ്യാം. കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന പഴങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഡ്രാഗണ്‍ഫ്രൂട്ട് വലിയ ചട്ടികളില്‍ നട്ട് ടെറസിലും വളര്‍ത്താവുന്നതാണ്. അധികം പരിചരണങ്ങളൊന്നും ആവശ്യമില്ലാത്ത ഇവയുടെ തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നതിനുവേണ്ടി ചെറിയൊരു നഴ്‌സറിയും ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി ജോസഫ് 9947131300
നെല്ലി ചെങ്ങമനാട്