ദുബായ്: ഇന്ത്യയിൽ പ്രാദേശികമായി ഉൽപാദിപ്പിച്ച ഡ്രാഗണ്‍ ഫ്രൂട്ട് ആദ്യമായി ദുബായിൽ എത്തി തുടങ്ങി.
മഹാരാഷ്ട്രയിലെ തഡാസർ ഗ്രാമത്തിലെ കർഷകരിൽ നിന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട് ശേഖരിച്ച് ദുബായിലേക്ക് എത്തിച്ചിരിക്കുന്നത്.
ഫൈബർ അടങ്ങിയ പഴവർഗം എന്ന നിലയിൽ വിപണിയിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഡ്രാഗണ്‍ ഫ്രൂട്ട് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് കാനഡ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ, തായ്ലൻഡ് എന്നിവയാണ്.
ഇന്ത്യയിൽ ഹോം ഗാർഡനുകളിൽ 25 വർഷം മുന്‍പാണ് ഡ്രാഗണ്‍ ഫ്രൂട്ട് വളർത്താൻ തുടങ്ങിയത്.
അടുത്ത കാലത്തായി അതിന്റെ കൃഷിയിലൂടെ തെക്ക്, പടിഞ്ഞാറൻ, കിഴക്കൻ ഇന്ത്യയിലും വിദൂര ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും വാണിജ്യപരമായി വലിയ മുന്നേറ്റം നടത്തി.
വളരെ കുറച്ച് വെള്ളം ആവശ്യമുള്ളതിനാൽ ഇതിന്റെ കൃഷി ജനപ്രിയമായി മാറുകയും ചെയ്തു.
ഗുജറാത്തിൽ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ വൻ വർധനവ് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കയറ്റുമതിക്ക് സാധ്യത തെളിഞ്ഞത്.
ദുബായിലേക്കുള്ള കയറ്റുമതിയെ മന്ത്രാലയത്തിന്റെ ട്രേഡ് ഇൻഫ്രാസ്ട്രക്ചർ ഫോർ എക്സ്പോർട്ട് സ്കീമും മാർക്കറ്റ് ആക്സസ് സംരംഭവും പിന്തുണച്ചതായി ഇന്ത്യയിലെ വാണിജ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള