11 കിലോമീറ്റർ ഡ്രൈവിംഗ്… 99 ഹെയർപിൻ വളവുകൾ, ഒന്നര കിലോമീറ്റർ ദൂരത്തിൽ 45 ഡിഗ്രി ചെരിവിൽ 999 പടികൾ… ലാൻഡ് റോവറിന്റെ ഡ്രാഗൺ ചലഞ്ചിന് പൂർത്തിയാക്കേണ്ട ദൗത്യമായിരുന്നു ഇത്. ചൈനയുടെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ടിയാൻമെൻ മൗണ്ടൻ റോഡിലൂടെ 99 വളവുകളുള്ള പാതയിൽ 11 കിലോമീറ്റർ സഞ്ചരിച്ചശേഷം സ്വർഗീയ കവാടത്തിലേക്കുള്ള 999 പടികൾ റേഞ്ച് റോവർ സ്പോർട്ട് എന്ന എസ്യുവി ഓടിച്ചുകയറ്റുകയായിരുന്നു ബ്രിട്ടീഷ് വാഹനനിർമാതാക്കളായ ലാൻഡ് റോവർ ചെയ്തത്.
തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഏതു വഴിയും സഞ്ചരിക്കാൻ മടിയില്ലാത്ത ലാൻഡ് റോവർ ഇത്തവണ തെരഞ്ഞെടുത്ത ദൗത്യം അക്ഷരാർഥത്തിൽ ഭയപ്പെടുത്തുന്നതുതന്നെ. 297kw/640 എൻഎം പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായ റേഞ്ച് റോവർ സ്പോർട് ആണ് ഇതിനായി ഉപയോഗിച്ചത്. ദൗത്യത്തിനിടെ അല്പമൊന്നു പാളിയാൽ വാഹനവും ഡ്രൈവറും ഒരുപക്ഷേ കൊക്കയിലേക്കു പതിക്കുമായിരുന്നു. പ്രതിബന്ധങ്ങൾ അതിജീവിച്ച് ജാഗ്വർ ഫോർമുല വൺ ഇ റേസ് ഡ്രൈവർ ഹോ പിൻ ടംഗ് സ്വർഗീയ കവാടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയശേഷമാണ് അതുവരെ ശ്വാസമടക്കിനിന്ന കാണികൾക്ക് ആശ്വാസമായത്.
സ്വർഗീയ കവാടം
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ടിയാൻമെൻ മലനിരകളുടെ ഉത്തുംശൃംഗമാണ് സ്വർഗീയ കവാടം. താഴ്വാരത്തുനിന്ന് 1500 മീറ്റർ മുകളിൽ രണ്ടു മലകളുടെ മധ്യത്തിൽ ഗുഹപോലുള്ള ഭാഗമാണിത്. ഇവിടേക്കെത്താൻ 999 പടികളുണ്ട്. ഗുഹ പോലെയുള്ള ഭാഗത്തിന് 57 മീറ്റർ വീതിയും 60 മീറ്റർ നീളവും 131 മീറ്റർ ഉയരവുമാണുള്ളത്. പൂർണമായും മഞ്ഞു പുതഞ്ഞു നിൽക്കുന്ന അന്തരീക്ഷമാണ് ഇവിടെ എപ്പോഴും. രണ്ടു മലകൾക്കിടയിൽ പ്രകൃതിയൊരുക്കിയ കവാടത്തിന് 17 നൂറ്റാണ്ട് പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മലയുടെ ഇടയിലുള്ള ഭാഗം അടർന്നു വീഴുകയായിരുന്നു. പിന്നീട് ഇത് സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാറി.
ഡ്രാഗൺ റോഡ്
ടിയാൻമെൻ മലനിരകളിലേക്ക് പ്രവേശിക്കുന്പോൾ ഡ്രാഗൺ റോഡും തുടങ്ങുകയായി. 11.3 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ 99 ഹെയർപിൻ വളവുകളാണുള്ളത്. മല തുരന്നാണ് ഈ പാതയുടെ നിർമാണം. ഏറ്റവുമൊടുവിലാണ് നടകൾ. 45 ഡിഗ്രി ചെരിവിലാണ് ഈ നടകളുള്ള പാതയുടെ നിർമാണം.
മാതൃക തയാറാക്കി പരിശീലനം
ഈ ദൗത്യത്തിനു പിന്നിൽ വലിയ പരിശീലനഘട്ടമുണ്ട്. ചെറിയ ഭാഗം നടകെട്ടി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു പരിശീലനം. നടകൾ കയറുന്പോൾ വാഹനത്തിന്റെ വേഗം അല്പമൊന്നു കുറഞ്ഞാൽ വാഹനവും ഡ്രൈവറും…
യുട്യൂബിൽ ചർച്ചാവിഷയം
ഈ മാസം 11ന് യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 22 ലക്ഷത്തോളം പേർ കണ്ടിട്ടുണ്ട്. പർവതത്തിന്റെ മുകളിലെത്തിച്ച വാഹനം എങ്ങനെ തിരിച്ചിറക്കി എന്നതാണ് ഒരു വിഭാഗം ആരാധകരുടെ ചോദ്യം. ഹെലികോപ്റ്ററിൽ ഇറക്കിയെന്ന അഭിപ്രായമുയർന്നെങ്കിലും ലാൻഡ് റോവർ ആ രഹസ്യം വെളിപ്പെടുത്തി. സുരക്ഷാ കേബിളുകൾ ഉപയോഗിച്ച് റേഞ്ച് റോവർ സ്പോർട് പതിയെ പിന്നോട്ടിറക്കുകയായിരുന്നു.