പൊൻകുന്നം: കേരളത്തിൽ അത്രയധികം പ്രചാരം കിട്ടാത്ത ഡ്രാഗണ്‍ പഴം ആൾക്കാരിൽ കൗതുകമായി. വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ ഇനി ഈ പഴവും വിപണിയിലുണ്ടാവും. മെക്സിക്കോ, അമേരിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇനത്തിൽ പെട്ട ഡ്രാഗണ്‍ പഴമാണ് വഴിയോരക്കച്ചവടത്തിനായി വിൽപ്പനക്കാർ എത്തിച്ചത്.
പിത്തായ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഡ്രാഗണ്‍ പഴം കിലോഗ്രാമിന് 200 രൂപവരെയാണ് വില. ഫ്രീസറിൽ വെച്ച് തണുപ്പിച്ച പഴം നെടുകെ മുറിച്ച് വെള്ളക്കാന്പ് കോരിയെടുത്ത് കഴിക്കുന്നതിനും ജ്യൂസാക്കുന്നതിനും ഉപയോഗിക്കാമെന്ന മേന്മയുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും ഡ്രാഗണ്ചെടിയുടെ കൃഷിയുണ്ടെന്നും അവിടെ നിന്നാണ് പഴങ്ങളെത്തിക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. കള്ളിമുൾച്ചെടി ഇനത്തിൽ പെട്ട സസ്യമാണിത്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, നാര്, ഇരുന്പ്, മഗ്നീഷ്യം, വിറ്റാമിൻ സി, ഇ., കാത്സ്യം എന്നിവയാൽ സന്പുഷ്ടമായ ഡ്രാഗണ്‍ പഴം ഇക്കുറി വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ രംഗം കൈയടക്കും. രൂപത്തിലെ കൗതുകം കൊണ്ട് ആൾക്കാർ ഇതുവാങ്ങാൻ താത്പര്യം കാണിക്കുന്നുമുണ്ട്.