എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ്‍ പഴങ്ങളുമായി പിങ്കു നിറത്തിൽ നിൽക്കുന്ന ആ ടെറസിൽ ആരുടെയും കണ്ണുടക്കാതിരിക്കില്ല.
ടെറസിൽ ശാസ്ത്രീയമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തു മികച്ച വരുമാനം ഉറപ്പാക്കുകയാണ് 58 കാരനായ കൊല്ലിയിൽ കുടുംബാംഗം കെ.എം. അബ്ദുൾ ഷുക്കൂർ. ഒന്നര വർഷം മുന്‍പാണ് ടെറസിൽ അമേരിക്കൻ ബ്യൂട്ടി എന്ന പിങ്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്തു തുടങ്ങിയത്.
അബ്ദുൾ ഷുക്കൂറിന്റെ കുടുംബക്കാർ പരന്പരാഗതമായി കർഷകരാണ്. ആദ്യകാലത്തൊക്കെ ചെമ്മീൻ കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. പറന്പിൽ നട്ടു വളർത്തിയിരുന്ന ജാതി, തെങ്ങ്, തുടങ്ങിയവയിൽ നിന്നു തെറ്റില്ലാത്ത വരുമാനം വേറെയുമുണ്ടായിരുന്നു.
വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ഇരുപതിൽപരം വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങളുണ്ട്. മണൽ പ്രദേശത്ത് വളർത്താൻ കഴിയുന്ന ഒട്ടുമിക്ക ഫലവൃക്ഷത്തൈകളും അദ്ദേഹം ശേഖരിച്ചു നട്ടു പരിപാലിക്കുന്നു.
ജാതിയിലുമുണ്ട് പരീക്ഷണം. പുരയിടത്തിൽ നട്ടു വളർത്തിയ കാട്ടുജാതിയിൽ ബഡ് ചെയ്ത ജാതിത്തൈകൾ വിളവെടുപ്പാകുന്പോഴേക്കു നശിക്കുന്നതു പതിവായിരുന്നു.
അല്പം താഴ്ത്തിയാൽ വെള്ളം കാണുന്ന പറന്പിൽ അത്തരം ജാതി പറ്റില്ലെന്നു മനസിലാക്കിയ ഷുക്കൂർ, പകരം നാടൻ ജാതിയിൽ ബഡ് ചെയ്ത തൈകൾ നട്ടു. അതു വളർന്ന് നല്ല ആദായം നൽകുകയും ചെയ്യുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിലേക്ക്
കള്ളിമുൾച്ചെടിയുടെ വർഗത്തിൽപ്പെട്ട ഡ്രാഗണ്‍ ഫ്രൂട്ട് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടാൽ മികച്ച വിളവ് ലഭിക്കും. പോഷകഗുണങ്ങളാൽ സന്പന്നമായ ഇത് കുടലിന്റെ ആരോഗ്യത്തെ സംക്ഷിക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
മധ്യ അമേരിക്കയിൽ നിന്നെത്തിയ ഈ പഴത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ സൂപ്പർ ഫുഡായിട്ടാണ് അറിയപ്പെടുന്നത്.
ചുവപ്പ്, മഞ്ഞ നിറത്തിലുള്ള പഴങ്ങളാണ് സാധാരണയുള്ളത്. നാരുകൾ കൂടുതലുള്ള മാംസളമായ ഭാഗത്ത് എള്ള് പോലെ തീരെ ചെറിയ കുരുക്കൾ കാണാം. കുരുക്കൾ സഹിതമാണു പഴം കഴിക്കുന്നത്. ചെറിയ പുളിയോടു കൂടിയ മധുരമുള്ള ഫലം ജീവിതശൈലി രോഗങ്ങളെ ചെറുക്കും.
തീരദേശത്തെ മണ്ണും കാലാവസ്ഥയും കടൽക്കാറ്റും കൃഷിക്ക് അനുകൂലമാകുമോ എന്ന സംശയം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും വീടിനോട് ചേർന്നുള്ള കടമുറികളുടെ ടെറസിൽ ഒരു പരീക്ഷണം നടത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
അതിനായി കോഴിക്കോട് മുക്കത്തെ ഫാമിൽ നിന്ന് കുറെ തൈകൾ വാങ്ങി. 800 ചതുരശ്ര അടി വിസ്തീർണമുള്ള ടെറസിലായിരുന്നു കൃഷി.
നടീൽ
ഇരുനൂറ് ലിറ്ററിന്റെ വലിയ ക്യാനുകൾ വാങ്ങി ശുദ്ധീകരിച്ചെടുത്താണു കൃഷിക്കു തുടക്കമിട്ടത്. 800 രൂപ വില വരുന്ന 10 ക്യാനുകൾ വാങ്ങി തുല്യ അളവിൽ രണ്ടാക്കി മുറിച്ചു. പിന്നീട് അമിത ജലം പുറന്തള്ളാനുള്ള ദ്വാരങ്ങൾ ഇട്ടു മണ്ണ് നിറച്ചു.
മൊത്തം 20 ചട്ടികൾ. ടെറസിലെ ബലവത്തായ ഭാഗത്ത് (ബീം വരുന്ന ഭിത്തിഭാഗത്ത്) രണ്ട് മീറ്റർ അകലത്തിൽ അവ സ്ഥാപിച്ചു. ഇവയുടെ ഇടയിൽ നാലിഞ്ചിന്റെ പി.വി.സി. പൈറ്റ് ഉറപ്പിച്ചു. അതിനുശേഷം നടീൽ മിശ്രിതം നറിച്ചു.
വീട്ടുവളപ്പിൽ നിന്നെടുത്ത മേൽമണ്ണും, കോഴിവളവും മൊട്ടത്തൊണ്ട് പൊടിയും അല്പം എല്ലുപൊടിയും കൂട്ടിയോജിപ്പിച്ചാണു നടീൽ മിശ്രിതം ഉണ്ടാക്കിയത്. ഒരു ചട്ടിയിൽ ഒരടി നീളമുള്ള നാല് നടീൽ കന്പുകൾ നട്ടു.
പൂർണവളർച്ചയെത്തിയ ചെടികളിലെ കായ്ഫലം ഉണ്ടായ തണ്ടുകൾ ശേഖരിച്ച് വേര് പിടിപ്പിച്ച് മഴക്കാലത്തിനു ശേഷം നട്ടാൽ ആറ് മാസം കഴിയുന്പോൾ പുഷ്പിക്കാൻ തുടങ്ങും. കാലാവസ്ഥയും മറ്റും അനുകൂലമല്ലങ്കിൽ ഒന്നര വർഷം കഴിയും.
പരിചരണം
ഉഷ്ണമേഖല പ്രദേശങ്ങളിൽ നന്നായി വളരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ചെടിക്ക് പൊതുവെ വലിയ പരിചരണങ്ങളൊന്നും ആവശ്യമില്ല. ചെടികൾ വളർന്ന് തുടങ്ങിയാൽ തൂണുകളിലേക്കു പടർത്തണം. പടർന്നു കയറുന്നതിന് അനുസരിച്ച് മുട്ടുകളിൽ ഉണ്ടാകുന്ന വേരുകൾ തൂണിൽ ചുറ്റിപ്പിടിക്കും.
ഓരോ തൂണുകൾക്കും മുകളിൽ വളയങ്ങൾ സ്ഥാപിക്കണം. തൂണിന് മുകളിൽ എത്തുന്നതുവരെയും വേരുകൾ തൂണിൽ പറ്റിപ്പിടിക്കുന്നതു വരെയും ചരടുകൊണ്ട് ചെടിയെ തൂണിനോട് ചേർത്ത് കെട്ടണം.
മുകളിൽ എത്തിയാൽ പിന്നെ വളയത്തിന് പുറത്ത് കൂടി താഴേക്ക് ശിഖരങ്ങൾ വളർത്തി വിടണം. മറ്റു ചെടികൾക്ക് നൽകുന്നതുപോലെ ജലസേചനം ആവശ്യമില്ല. കടുത്ത വേനലിൽ ആഴ്ചയിൽ രണ്ട് നന മതി.
മിതമായ ജലസേചനത്തിന് ഡ്രിപ് ഇറിഗേഷൻ മതി. വർഷത്തിൽ മൂന്ന് വളം നൽകും. സ്വന്തമായി ചിട്ടപ്പെടുത്തിയ വളപ്രയോഗരീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്.
മുട്ടത്തൊണ്ടുകൾ ശേഖരിച്ച് വെയിലത്ത് ഉണക്കി ചെറുചൂടോടെ മിക്സിയിൽ പൊടിച്ചെടുക്കും. ഈ പൊടിയും കോഴിവളവും മിക്സ് ചെയ്താണ് ഓരോ ചെടികൾക്കും നൽകുന്നത്.
വിളവെടുപ്പ്
മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലയിളവിലാണ് പുഷ്പിക്കൽ. വൈകിട്ടു വിരിഞ്ഞു തുടങ്ങുന്ന പൂക്കൾ പിറ്റേ ദിവസം രാവിലെ പത്തിനു മുന്‍പായി ചുരുങ്ങും. കായ് പിടുത്തം കൂടാനും മികച്ച വിളവ് ഉറപ്പാക്കാനും പരാഗണം അത്യാവശ്യമാണ്.
തേനീച്ചകളും ശലഭങ്ങളുമാണ് പ്രധാനമായും പരാഗണം നടത്തുന്നത്. ഇതിനായി എട്ട് പെട്ടികളിൽ ചെറുതേനീച്ചകളെയും രണ്ട് പെട്ടിയിൽ വൻ തേനീച്ചകളെയും വളർത്തുന്നുണ്ട്.
പൂക്കൾ വിരിഞ്ഞ് 50 ദിവസത്തിനുള്ളിൽ പഴങ്ങൾ പറിച്ചെടുക്കാം. ഒരു ചെടിയിൽ നിന്ന് ആറ് തവണവരെ വിളവെടുക്കാം.
വില്പന
അമേരിക്കൻ ബ്യൂട്ടി ഇനം പഴത്തിന്റെ മാംസളമായ ഭാഗത്തിന് പിങ്ക് നിറമാണ്. രുചിയും കൂടുതലുണ്ട്. ഒരു പഴത്തിന് 450 ഗ്രാം മുതൽ 700 ഗ്രാം വരെ തൂക്കമുണ്ടാകും.
വീട്ടിലെത്തുന്നവർക്ക് ചെടികളിൽ നിന്ന് പറിച്ച് കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വില്പന.
മൂല്യവർധന
തൊലി കളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് ഭക്ഷിക്കുന്നതിനോട് താത്പര്യമില്ലാത്തവർക്ക് ഷേക്ക് ഉണ്ടാക്കി കഴിക്കാം. സലാഡിൽ ചേർത്താൽ രുചി കൂടും. പൊടി രൂപത്തിലാക്കി വിദേശരാജ്യങ്ങളിൽ വില്പനയുണ്ട്.
നമ്മുടെ നാട്ടിൽ കൂടുതലായും നേരിട്ട് ഭക്ഷിക്കുന്ന രീതിയാണുള്ളത്. കേക്ക് നിർമാണത്തിനും ചില ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയെക്കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകാനും ഇദ്ദേഹം തയാറാണ്.
ഫോണ്‍: 9495747293
നെല്ലി ചെങ്ങമനാട്