ആലുവ: പോലീസിന്റെ കൈയിൽനിന്ന് ഇന്നലെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഡ്രാക്കുള സുരേഷ് (30) വീണ്ടും പോലീസിന്റെ പിടിയിലായി.
അങ്കമാലി കറുകുറ്റി കോവിഡ് സെന്ററിൽനിന്നു രക്ഷപ്പെട്ട ഇയാളെ ഇന്ന് പെരുമ്പാവൂർ വെങ്ങോലയിൽ നിന്നു പോലീസ് കൈയോടെ പൊക്കുകയായിരുന്നു.
ഡ്രാക്കുള സുരേഷ് എന്ന വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷിനെ പെരുമ്പാവൂരിലെ കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് ഇയാളെ കോവിഡ് നിരീക്ഷണത്തിനായി ബുധനാഴ്ച്ച അർധരാത്രിയോടെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിലെത്തിച്ചു. ഇവിടെവച്ച് പോലീസിനെ തള്ളി മാറ്റി ഡ്രാക്കുള അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം പെരുമ്പാവൂർ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടന്തറയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പ്രതിയെ പിടികൂടി. ഇവിടെ ഒരു സ്ത്രീയുമായി ഇയാൾ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നതായും പറയുന്നു.
20 കേസുകളിൽ പ്രതി
ഇതിനകം 20 ൽ അധികം കേസുകളിൽ പ്രതിയാണ് പിടിയിലായ ഡ്രാക്കുള സുരേഷ്. പുറത്തിറങ്ങിയാൽ ഉടൻ ഒരു മോഷണ പദ്ധതിയിട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് ഇയാളെക്കുറിച്ച് പറയാറുള്ളത്.
മോഷണശ്രമത്തിനിടെ പിടിയിലായാൽ ഏതെങ്കിലും വിധത്തിൽ രക്ഷപ്പെടുന്നതാണ് ഇയാളുടെ പതിവ്. ജയിലിനു പുറത്തിറങ്ങിയാൽ പട്ടാപ്പകലും മോഷണം നടത്തും.
ഇയാൾ മോഷണം തുടങ്ങുന്ന കാലത്ത് രാത്രിയിൽ മാത്രമായിരുന്നു കവർച്ചാ ശീലം. അങ്ങനെ കിട്ടിയതാണ് ഡ്രാക്കുള എന്ന ഇരട്ടപ്പേര്. കഴിഞ്ഞ വർഷം മോഷണത്തിനിടെ പിടിയിലായ ഇയാൾ പോലീസ് ജിപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യാ ഭീഷണി നടത്തുകയും ചെയ്തതിരുന്നത് സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു.
നേരത്തെയും പോലീസിനെ വെട്ടിച്ച് കടന്നു
2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിലായിട്ടാണ് ഇരുപതോളം കേസുകളുള്ളത്.
അഞ്ചു വർഷം മുമ്പ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷണം നടത്താൻ കയറിയ ഇയാൾ പോലീസിനെ വലച്ചതും വാർത്തയായിരുന്നു. വെന്റിലേഷനിൽ കുടുങ്ങി അവിടെയിരുന്ന് ഉറങ്ങിപ്പോയ ഇയാളെ ഒടുവിൽ പോലീസെത്തി പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
2018 ജൂലൈ 29ന് പകൽ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള പി.ബി. അജിത്കുമാറിന്റെ ആധാരം എഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
അതസമയം, കഴിഞ്ഞയാഴ്ച്ച നെടുമ്പാശേരി സിയാൽ സെന്ററിൽനിന്നും ചാടി പോയ കോവിഡ് ബാധിതനായ പോക്സോ കേസിലെ പ്രതി കുട്ടമ്പുഴ സ്വദേശി മുത്തുവിനെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് നാണക്കേടായി തുടരുകയാണ്.