ആലുവ: “ഡ്രാക്കുള’യും “മുത്തു’വും. പറഞ്ഞുവരുന്നത് അമർ ചിത്രകഥയല്ല. എറണാകുളം റൂറൽ പോലീസിനെ വട്ടം കറക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളുടെ സാഹസികമായ ജീവിതമാണ്. ഡ്രാക്കുളയും മുത്തുവുമെന്ന രണ്ട് സ്ഥിരം ക്രിമിനലുകളുടെ കഥ.
ഇരുവരും ഇപ്പോഴും പോലീസും കള്ളനും കളി തുടരുകയാണ്. കസ്റ്റഡിയിൽ കഴിയവേ മുത്തു നെടുമ്പാശ്ശേരി സിയാലിലെയും ഡ്രാക്കുള അങ്കമാലി കറുകുറ്റിയിലെയും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽനിന്നും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
പുറത്തിറങ്ങിയാൽ മോഷണം
നിരവധി മോഷണക്കേസുകളിൽ പ്രതിയായ വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ് പെരുമ്പാവൂരിൽ കടയിൽ മോഷണം നടത്തിയതിനാണ് പിടിയിലാകുന്നത്.
തുടർന്ന് നിരീക്ഷണത്തിനായി ചൊവ്വാഴ്ച്ച അർധരാത്രിയോടെ അങ്കമാലി കറുകുറ്റിയിലെ കാർമ്മൽ ധ്യാനകേന്ദ്രത്തിലെ കോവിഡ് സെന്ററിൽ എത്തിക്കവേ പോലീസിനെ തട്ടിമാറ്റി കടന്നു കളയുകയായിരുന്നു.
പെരുമ്പാവൂർ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച്ച പുലർച്ചെ വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം തേക്കമലയിലുള്ള വാടക വീട്ടിൽനിന്നും ഇയാൾ പിടിയിലായി.
തുടർന്ന് കോടതിയിൽ ഹാജരാക്കി ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.എന്നാൽ, ഇദേഹത്തെ പാർപ്പിച്ച കറുകുറ്റി കോവിഡ് സെന്ററിലെ മുറിയുടെ വാതിൽ തകർത്ത് മറ്റൊരു പ്രതിയോടൊപ്പം ഇന്നലെ പുലർച്ചെ വീണ്ടും രക്ഷപ്പെട്ടതോടെ പോലീസിന്റെ ആശ്വാസത്തിന് ഒരു ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂ.
ഇതിനകം ഇരുപത്തിനാലിൽപരം കേസുകളിൽ പ്രതിയാണ് ഡ്രാക്കുള സുരേഷ്. പുറത്തിറങ്ങിയാൽ ഉടൻ അടുത്ത മോഷണം ഉറപ്പാണ്. മോഷണശ്രമത്തിനിടെ പിടിയിലായാൽ ഏതെങ്കിലും വിധത്തിൽ രക്ഷപ്പെടുന്നതാണ് ഇയാളുടെ പതിവ്.
പട്ടാപകലും മോഷണം നടത്തുന്ന ഇയാൾ ആദ്യ കാലത്ത് രാത്രിയിൽ മാത്രമായിരുന്നു കവർച്ച. അങ്ങനെ കിട്ടിയതാണ് ഡ്രാക്കുള എന്ന ഇരട്ടപ്പേര്.
കാടുകയറി മുത്തു
പത്തൊൻപത് വയസുള്ള മുത്തുവും എന്നും പോലീസിന് തലവേദനയായിരുന്നു. നെടുമ്പാശേരി സിയാൽ ട്രീറ്റ്മെന്റ് സെന്ററിൽനിന്ന് കോവിഡ് ബാധിതനെന്ന് സംശയിക്കകുന്ന കുട്ടമ്പുഴ സ്വദേശിയായ ഇയാൾ ചാടിപ്പോയിട്ട് ദിവസങ്ങൾ പിന്നിടുകയാണ്.
പോക്സോ കേസിലെ പ്രതിയായ മുത്തുവിന് വേണ്ടി പോലീസ് കാട്ടിൽ തിരച്ചിൽ നടത്തി മടുത്തു. വനം വകുപ്പിന്റെ കൂടി സഹായത്തോടെ റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം കോതമംഗലം,കുട്ടമ്പുഴ വനമേഖലയിലെ ഏറുമാടങ്ങൾ മുഴുവനും പലവട്ടം അരിച്ചു പെറുക്കി.
നേരത്തെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജുവൈനൽ ഹോമിൽ കഴിഞ്ഞിരുന്ന മുത്തു കുറ്റവാസനയുള്ളയാളാണെന്ന് പോലീസ് പറയുന്നു.
നെടുമ്പാശേരി കോവിഡ് സെന്ററിൽനിന്നും ഒരു മൊബൈൽ ഫോൺ മോഷ്ടിച്ച് കാവൽക്കാരായ പോലീസുകാരുടെ കണ്ണ് വെട്ടിച്ചാണ് രക്ഷപ്പെട്ടത്.
ഓട്ടോറിക്ഷയിൽ കോതമംഗലത്തെത്തിയ പ്രതി ഡ്രൈവറെ കബളിപ്പിച്ച് അവിടെ നിന്നും കടന്നുകളയുകയായിരുന്നു.തുടർന്ന് കുട്ടമ്പുഴ വനമേഖലയിലേക്ക് കടന്നുകളഞ്ഞതായിട്ടാണ് സൂചന.