ആലുവ: ആലുവ റൂറൽ പോലീസിന്റെ ക്രൈം ഡയറിയിൽ ഡ്രാക്കുളയെന്ന അപരനാമത്തിൽ കുപ്രസിദ്ധി നേടിയ മോഷ്ടാവ് ഇന്നലെ പട്ടാപ്പകൽ കവർച്ചെക്കിടെ കെട്ടിടത്തിൽനിന്നും ചാടി കാലൊടിഞ്ഞു.
നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. ആലുവ ഈസ്റ്റ് പോലീസിന്റെ നിരീക്ഷണത്തിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ ഡ്രാക്കുള സുരേഷ് എന്നു വിളിക്കുന്ന സുരേഷ്.
ഇന്നലെ ഉച്ചയോടെ ആലുവ ദേശീയപാതയോരത്തെ മുട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു സംഭവം. തിരുവോണ ഊട്ട് നടക്കുന്നതിനിടെയാണ് ഇയാൾ അമ്പലത്തിലെത്തിയത്.
തുടർന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്ര കൗണ്ടറിനടുത്ത് വിശ്രമിച്ചു. ഈ സമയം കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തേക്ക് കയറിയയുടനെ കൗണ്ടറിലെ മേശവലിപ്പിൽ നിന്നും 20,000 ത്തോളം രൂപയുമെടുത്ത് സുരേഷ് ഓടുകയായിരുന്നു.
ഈ സമയം രക്ഷപ്പെടാനായി ക്ഷേത്രത്തിലുണ്ടായിരുന്നവരുടെ കണ്ണ് വെട്ടിച്ച് തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് ചാടിയപ്പോൾ വീണ് കാലൊടിയുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഡ്രാക്കുളയെ പിടികൂടി പോലീസിന് കൈമാറി. പോലീസാണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ആശുപത്രിയിൽവച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആലുവ സിഐ എൽ. അനിൽകുമാർ രാഷ്്ട്രദീപികയോട് പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് സുരേഷ്. ഇതിൽ 20ലധികവും മോഷണ കേസുകളാണ്.
വീടുകളും കടകളും കുത്തി തുറന്ന് പണം മോഷ്ടിക്കലാണ് സുരേഷിന്റെ രീതി. രാത്രികാലങ്ങളിലായിരുന്നു ആദ്യം മോഷണം നടത്തിയിരുന്നത്.
ഇങ്ങനെയാണ് സുരേഷിന് ഡ്രാക്കുള എന്ന വട്ടപ്പേര് വീണത്. പിന്നീട് പകൽ സമയത്തും സുരേഷ് മോഷണത്തിന് ഇറങ്ങിത്തുടങ്ങി.
കച്ചവടക്കാരുടെ കണ്ണുവെട്ടിച്ച് കടയ്ക്കകത്ത് കയറിയും വീടുകൾ കുത്തിത്തുറന്നും പണം കൊണ്ടു പോവുകയാണ് പതിവ്. പോലീസിന്റെ പിടിയിലാകുന്ന സമയത്ത് അസ്വഭാവികമായി പെരുമാറുകയും അക്രമകാരിയാവുകയും ചെയ്യും.
മൂവാറ്റുപുഴയിൽ പോലീസിന്റെ പിടിയിലായ സമയത്ത് പോലീസ് ജീപ്പിന്റെ ചില്ല അടിച്ച് തകർത്തശേഷം ചില്ല് വിഴുങ്ങി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
2015ൽ കോലഞ്ചേരി പള്ളിയിൽ മോഷണം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വെന്റിലേറ്ററിൽ കുടുങ്ങി അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിന്നീട് പോലീസ് എത്തി വളരെ പണിപ്പെട്ടാണ് സുരേഷിനെ പുറത്തെടുത്തത്.