ആലുവ: ഡ്രാക്കുള സുരേഷ് എന്ന കുപ്രസിദ്ധ കുറ്റവാളി റിമാൻഡ് കസ്റ്റഡിയിൽനിന്നും ചാടി മുങ്ങിനടന്നു മടുത്തു. പോലീസാണെങ്കിൽ പിന്നാലെ പാഞ്ഞും.
പത്തു നാളുകൾക്കുള്ളിൽ മൂന്നുവട്ടം പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഡ്രാക്കുളയാകട്ടെ അന്തരാഷ്ട്ര കുറ്റവാളി ചാൾസ് ശോഭരാജിന്റെ റിക്കാർഡാണ് തകർത്തിരിക്കുന്നത്.
കളമശേരിയിൽനിന്നും ഒടുവിൽ ചാടിയ ഡ്രാക്കുളയെ ഇന്നലെ പിടികൂടാൻ ഭാഗ്യം ലഭിച്ചത് പുത്തൻകുരിശ് പോലീസിനാണ്.
രക്ഷപ്പെട്ടത്മൂന്നു തവണ
ഡ്രാക്കുള സുരേഷ് എന്ന വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷ് (30)നെ കഴിഞ്ഞ മാസം 22ന് പെരുമ്പാവൂരിലെ കടയിൽനിന്ന് പണം മോഷ്ടിച്ച കേസിലാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
ഇയാളെ കോവിഡ് നിരീക്ഷണത്തിനായി അങ്കമാലി കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കോവിഡ് കെയർ സെന്ററിലെത്തിച്ചെങ്കിലും ഇവിടെവച്ച് പോലീസിനെ തള്ളി മാറ്റി രാത്രി തന്നെ അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം തേക്കമലയിലുള്ള വാടക വീട്ടിൽനിന്നും ഇയാൾ പിടിയിലായി. ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ, ഇദേഹത്തെ പാർപ്പിച്ച കറുകുറ്റി കോവിഡ് സെന്ററിലെ മുറിയുടെ വാതിൽ തകർത്തു മറ്റൊരു പ്രതിയോടൊപ്പം വീണ്ടും ചാടി. ഒടുവിൽ ജയിൽ അധികൃതർ നേരിട്ടിറങ്ങി ഡ്രാക്കുളയെ പിടികൂടുകയായിരുന്നു.
രണ്ടാം വട്ടം പിടിയിലായ സമയത്ത് കോവിഡ് പോസറ്റീവായ ഇയാളെ 30ന് കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലാക്കി. ഇവിടത്തെ വാർഡിൽനിന്നും ശനിയാഴ്ച്ച വീണ്ടും ചാടിപ്പോയി.
പിന്നീട് കോലഞ്ചേരിയിലെ കോളജ് ഗ്രൗണ്ടിന് സമീപത്തുനിന്നും പുത്തൻകുരിശ് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജിൽ ഇന്നലെ നടത്തയ ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവാണ്.
എന്നാൽ, പിസിആർ ടെസ്റ്റ് ഫലം കൂടി ലഭിക്കേണ്ടതിനാൽ പ്രതിയെ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
പോലീസുകാർ നിരീക്ഷണത്തിൽ
ഇയാൾ രക്ഷപ്പെട്ടതിനെ തുടർന്നു റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നിർദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
കോവിഡ് രോഗിയായതിനാൽ പിടികൂടിയ എസ്ഐ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ഇരുപതോളം മോഷണ കേസുകളിലെ പ്രതിയാണ് സുരേഷ്.
ഡ്രാക്കുള സുരേഷിന്റെ അടിക്കടിയുള്ള ചാടി പോക്ക് പോലീസിന് തലവേദനയും അതിലേറെ നാണക്കേടുമാണുണ്ടാക്കുന്നത്.