കോട്ടയം: ഒറിജിനൽ, മനസിലെ യേശുവിന്റെ അതേ ഭാവം. കോട്ടയം സിഎംഎസ് കോളജ് മൈതാനത്ത് നടന്നുവരുന്ന എന്റെ രക്ഷകൻ മെഗാ ഷോ കാണുന്ന ആരും പറയുന്ന കമന്റ്. 32കാരനായ പ്രദീഷ് പ്രവീണാണ് ഈ സ്റ്റേജ് ഷോയിൽ യേശുവിനെ അവതരിപ്പിക്കുന്നത്.
ഉപവാസത്തിലൂടെ മനസിനെയും ശരീരത്തെയും ഒരുപോലെ ഒരുക്കിയാണ് താൻ ഈ വേഷം കൈകാര്യം ചെയ്യുന്നതെന്ന് പ്രദീഷിന്റെ പ്രതികരണം. രംഗകലയുടെ ആചാര്യനായ സൂര്യാ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ എല്ലാവരും അഭിനയിക്കുന്പോൾ ഇത് ജീവൻ തുടിക്കുന്ന അവതരണമായി മാറുന്നു.
ഈ അവതരണത്തിൽ മതങ്ങളില്ല. കലയും കലകാരന്മാരും മാത്രമാണുള്ളത്. കലാകാരൻ എന്ന നിലയിൽ തനിക്ക് പ്രേക്ഷകരുടെ മികച്ച പിന്തുണയും അഭിനന്ദനങ്ങളുമാണ് ലഭിക്കുന്നതെന്ന് പ്രദീഷ് പറഞ്ഞു. ഷോ കഴിഞ്ഞാലുടൻ ഒട്ടേറെപ്പേർ കാണാനെത്തും. അഭിനന്ദനങ്ങളാൽ പൊതിയും.
15 വർഷമായി പ്രദീഷ് അഭിനയരംഗത്തുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വീരം, കന്യക ടാക്കീസ് എന്നീ സിനിമകളും അതിൽ ഉൾപ്പെടും. എന്റെ രക്ഷകൻ ഷോയിൽ സൂര്യാ കൃഷ്ണമൂർത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുന്പോൾ മനസിൽ ഭയമായിരുന്നു. തന്നെക്കൊണ്ടിതു സാധിക്കുമോ എന്നായിരുന്നു സംശയം.
എന്നാൽ അദ്ദേഹം തനിക്ക് തന്ന ധൈര്യം വലുതായിരുന്നു. മാസങ്ങളോളം രണ്ടും മൂന്നും ചപ്പാത്തി മാത്രം കഴിച്ച് തൂക്കം കുറച്ചു. ഇതിനൊപ്പം യോഗയും ചെയ്തു. കുരിശുമരണ ഭാഗം അഭിനയിക്കാനാകുന്നത് ഇത്തരത്തിലുള്ള സമർപ്പണംകൊണ്ടു മാത്രമാണ് പ്രദീഷ് പറഞ്ഞു.
എന്റെ രക്ഷകൻ ബൈബിൾ മെഗാ സ്റ്റേജ് ഷോയുടെ കോട്ടയത്തെ അവസാന അവതരണം 25 വരെ സിഎംഎസ് കോളജ് മൈതാനത്തെ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സ്റ്റേജിൽ നടത്തും.