സ്വന്തം ലേഖകൻ
തൃശൂർ: രാജ്യാന്തര നാടകോത്സവത്തിനു നാളെ തിരശീല ഉയരും. കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന “ഇറ്റ്ഫോക്’ നാടകോത്സവത്തിന്റെ പത്താം പതിപ്പിൽ 16 വിദേശ നാടകങ്ങൾ അടക്കം 32 നാടകങ്ങളാണ് അവതരിപ്പിക്കുക.
അക്കാദമി കാന്പസ്, ബാലഭവൻ, സ്കൂൾ ഓഫ് ഡ്രാമ, പാലസ് ഗ്രൗണ്ട്, സിറ്റി എന്നിങ്ങനെ ഒരു ഡസനോളം വേദികളിലായി നടക്കുന്ന നാടകോത്സവത്തിന്റെ ടിക്കറ്റുകൾ ഓണ്‍ലൈനിൽ ലഭ്യമാണ്. നാടകം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്‍പ് കൗണ്ടറുകളിലും ടിക്കറ്റുകൾ നൽകും. ഓണ്‍ലൈനിൽ ടിക്കറ്റ് എടുത്തവർ ഒരു മണിക്കൂർ മുന്‍പ് എത്തി പാസ് കൈപ്പറ്റണം.
പാർശ്വവത്കരിക്കപ്പെട്ടവരുടെ ആവിഷ്കാരമാണ് ഇത്തവണത്തെ മുഖ്യപ്രമേയമെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. നാടകോത്സവത്തിൽ പങ്കെടുക്കാനുള്ള വിദേശ നാടക സംഘങ്ങൾ അടക്കമുള്ളവർ എത്തിത്തുടങ്ങി. നാളെ വൈകുന്നേരം 5.30 നു റീജണൽ തിയേറ്ററിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും. അക്കാദമി അധ്യക്ഷ കെപിഎസി ലളിത, ഫെസ്റ്റിവൽ ഡയറക്ടർ എം.കെ. റെയ്ന, നടി സീമ ബിശ്വാസ് തുടങ്ങിയവർ പ്രസംഗിക്കും. ഇസ്രയേൽ സംവിധായികയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന “പലസ്തീൻ ഇയർ സീറോ’യാണ് ഉദ്ഘാടന നാടകം.
അമ്മന്നൂർ പുരസ്കാരം 26 നു വൈകുന്നേരം ആറിനു തൃശൂർ റീജണൽ തിയേറ്ററിൽ നടക്കുന്ന സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ, ഗിരീഷ് കർണാടിന് സമ്മാനിക്കും. 29 നു വൈകുന്നേരം ആറിനാണു സമാപന സമ്മേളനം. പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർമാരായ രാജീവ് കൃഷ്ണൻ, എസ്. സുനിൽ, ഇസ്രയേലി സംവിധായിക ഐനാത്ത് വിസ്മാൻ, ചിലി നാടക സംവിധായകൻ മാനുവൽ ലയോള, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ പങ്കെടുത്തു.
നാളെ കാണാം ഇസ്രേലി സംവിധായികയുടെ പാലസ്തീൻ നാടകം
തൃശൂർ: ഇസ്രയേൽ സ്വദേശിനിയായ സംവിധായിക, അവതരിപ്പിക്കുന്നതു പലസ്തീൻ നാടകം. അഭിനേതാക്കൾ നാലും പലസ്തീൻകാർ. സഹായികളടക്കം എട്ടംഗ നാടക സംഘത്തിനു പേരില്ല. പല്സ്തീൻ ജനതയുടെ ദുരിതജീവിതം വരച്ചുകാട്ടുന്ന നാടക സംഘത്തെ ഇസ്രയേൽ നിരോധിച്ചിരിക്കുകയാണ്. അതിനാലാണു നാടകസംഘത്തിന്റെ പേരു വെളിപ്പെടുത്താനാകാത്തത്.
ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യയിലെ സന്ദർശനം അവസാനിക്കുന്നതിനുമുന്പേ ഈ സംഘം തൃശൂരിൽ നാടകം അവതരിപ്പിക്കും. തൃശൂരിൽ നാളെ ആരംഭിക്കുന്ന രാജ്യാന്തര നാടകോത്സവത്തിന്റെ ഉദ്ഘാടന നാടകമാണിത്: പലസ്തീൻ ഇയർ സിറോ.
പലസ്തീൻ ജനത 1948 ൽ ആരംഭിച്ച സ്വാതന്ത്ര്യസമര പോരാട്ടം യുദ്ധമായി പരിണമിക്കുകയും പലസ്തീൻ കുടുംബങ്ങളെ ജീവിക്കാനാകാത്ത വിധത്തിൽ തകർക്കുകയും ചെയ്ത കഥയാണ് നാടകത്തിൽ അവതരിപ്പിക്കുന്നത്.
സമരത്തെ അടിച്ചമർത്തിയ ഇസ്രയേൽ സൈന്യം തകർത്ത വീട്ടിൽ കുടുങ്ങിയ പലസ്തീൻ കുടുംബത്തിന്റെ ദയനീയ കഥ. ഒരു മണിക്കൂറാണു നാടകത്തിന്റെ ദൈർഘ്യം.
കർശനമായ വിലക്കുകളെ അതിജീവിച്ചാണ് നാടകവുമായി മുന്നോട്ടുപോകുന്നതെന്ന് സംവിധായികയും ഇസ്രയേൽകാരിയുമായ ഐനാത്ത് വിസ്മാൻ പറഞ്ഞു.
ഇസ്രയേൽ നാടകത്തെ മാത്രമല്ല, നാടക സംഘത്തെത്തന്നെ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രപോലും തടസപ്പെടുത്താൻ ശ്രമങ്ങളുണ്ടായി. പാർശ്വവത്കരിക്കപ്പെട്ട ജനതയോടുള്ള പ്രതിബദ്ധതകൊണ്ടാണ് എതിർപ്പുകളെ അതിജീവിച്ചും മുന്നേറുന്നതെന്ന് ഐനാത്ത് വിസ്മാൻ പറഞ്ഞു.