മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനു സമീപത്തുനിന്നു കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ നടന്ന പ്രചരണം പെണ്‍കുട്ടി പ്ലാന്‍ ചെയ്ത നാടകമെന്ന് പോലീസ്.
കോളജ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞ കഥയാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കോളജ് പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പോലീസില്‍ പരാതി ലഭിച്ചത്.
അജ്ഞാത നമ്പറില്‍നിന്നു മകള്‍ തന്നെ വിളിച്ചെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്.
കോളജിലെ അധ്യാപകരിലൊരാള്‍ ക്ഷേത്രത്തിനു സമീപം വരെ ലിഫ്റ്റ് നല്‍കിയെന്നും അവിടെയുള്ള ഓട്ടോയില്‍ കയറിയതും ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയെന്നും വായില്‍ തുണി തിരുകി ബോധരഹിതയാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ മുഴുവന്‍ പരിശോധിച്ചു. ഇങ്ങനെയൊരു ഓട്ടോ കണ്ടെത്താനായില്ല.
തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണു നാടകം പൊളിഞ്ഞത്.
ഇന്‍ഡോറില്‍നിന്ന് ഉജ്ജയ്നിലേക്കുള്ള ബസ് ടിക്കറ്റും ഉജ്ജയ്നിലെ ഭക്ഷണശാലയിലെ ബില്ലും പെണ്‍കുട്ടിയുടെ ബാഗില്‍നിന്നും കണ്ടെത്തി.
പെണ്‍കുട്ടിക്ക് വിശദമായ കൗണ്‍സിലിങ് നല്കി മാതാപിതാക്കള്‍ക്കൊപ്പം അയച്ചുവെന്ന് പോലീസ് അറിയിച്ചു.