ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളിൽ നാടകം കളിച്ച സംഭവത്തിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം കടന്നുകൂടിയെന്ന് ആരോപിച്ചാണു പോലീസിന്റെ നടപടി.
കർണാടക ബിദാറിലെ ഷഹീൻ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗം, വിദ്യാർഥികളിലൊരാളുടെ അമ്മയായ അനുജ മിൻസ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിനാണു പോലീസ് കേസെടുത്തത്.
ജനുവരി ഇരുപത്താറിനായിരുന്നു കേസിനാസ്പദമായ സംഭവം. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകമാണു വിവാദമായത്.
നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രധാനമന്ത്രി നീലേഷ് രക്ഷ്യാൽ എന്നയാളാണു പോലീസിനെ സമീപിച്ചത്. ന്യൂടൗണ്‍ പോലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റർ ചെയ്തത്.
പ്രധാനമന്ത്രിക്കെതിരായ പരാമർശം നാടകത്തിൽ ആദ്യം ഉണ്ടായിരുന്നില്ലെന്നാണു പോലീസിന്റെ കണ്ടെത്തൽ. ആറാം ക്ലാസ് വിദ്യാർഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേർത്തതെന്നും അധ്യാപിക ഇത് അംഗീകരിച്ചെന്നും പോലീസ് പറയുന്നു.