കോഴിക്കോട്: നാടകഗാനവും പശ്ചാത്തല സംഗീതവും മോഷ്ടിച്ച് മറ്റൊരു നാടകത്തില്‍ ഉള്‍പ്പെടുത്തി. കുന്ദമംഗലത്ത് ജില്ലാ നൃത്തനാടക അസോസിയേഷന് സംഘടിപ്പിച്ച നൃത്തനാടകമേളയില് നവരസ കലാക്ഷേത്ര അവതരിപ്പിച്ച “പൊന്നാപുരം കോട്ട’ എന്ന നാടകത്തിലെ ‘കൊന്നപൂത്ത കവിളില്‍ എന്തേ കള്ളനാണം’ എന്ന ഗാനവും സംഗീതവുമാണ് വിവാദമായത്. ഇക്കഴിഞ്ഞ ദിവസമാണ് വിവാദം അരങ്ങേറിയത്.
2013 ല്‍ സുന്ദരന്‍ കല്ലായി രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉണ്ണിയാര്‍ച്ചയും ടിപ്പു സുല്‍ത്താനും’ എന്ന നാടകത്തിനുവേണ്ടി പൂച്ചാക്കല്‍ ഷാഹുല്‍ എഴുതി ഉദയകുമാര്‍ അഞ്ചല്‍ ഈണമിട്ട ഗാനമാണിത്. ഒറിജിനല്‍ രചയിതാവിന്റെയും സംഗീത സംവിധായകന്റെയും പേര് കണ്ടെത്തിയ ജൂറി ഇവരുടെ അനുമതി വാങ്ങിയേ ഫലപ്രഖ്യാപനം നടത്താവൂ എന്നും നിര്‍ദേശിച്ചു.
ചെമ്പഴന്തി ചന്ദ്രബാബു, പയറ്റുവിള ശശി, വികാസ് കോടിയേരി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. അതേസമയം “പൊന്നാപുരം കോട്ട’യിലെ ഒരു നടന് രംഗത്തെത്തുകയും മികച്ച നടന് , സംവിധായകന്, മികച്ച അവതരണം എന്നിവയുടെ സമ്മാനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഫലപ്രഖ്യാപനം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ സമാപനവേദി കയ്യേറിയത് സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് യുണൈറ്റഡ് ഡ്രമാറ്റിക് അസോസിയേഷ (യുഡിഎ)ന്റെ വാര്‍ഷികത്തിന് പന്തീരാങ്കാവില്‍ “പുലിയിറങ്ങുന്ന പകല്‍’ എന്ന നാടകത്തില്‍ ഈ ഗാനവും പശ്ചാത്തല സംഗീതവും ഉപയോഗിച്ചിരുന്നു. മാമുക്കോയ, പി.വി.ഗംഗാധരന് , കെ.ടി.സി. അബ്ദുല്ല തുടങ്ങിയവരാണ് അന്ന് അഭിനയിച്ചത്.
അന്ന് ലൈറ്റ് ആന്‍ഡ് സൗണ്ടിനായി വന്ന ഇലക്ട്രീഷ്യനാണ് സിഡിയുടെ ചുമതലയും ഏറ്റത്. ആ സിഡി അന്ന് തിരിച്ചു കിട്ടിയില്ല. പശ്ചാത്തല സംഗീതം അങ്ങനെ മോഷണം പോയെന്നാണ് കരുതുന്നതെന്ന് യഥാര്‍ത്ഥ ഉടമകള്‍ പറയുന്നു.