ഒമാന് ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം. ഒമാന്‍ ഉള്‍ക്കടലിലില്‍ രൂപപ്പെടുന്ന മരണവലയത്തിന് സ്‌കോട്‌ലന്‍ഡിന്റെ വലിപ്പമുണ്ട്. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ മേഖലയാണ് മരണവലയം എന്നറിയപ്പെടുന്നത്.
ഒമാനിലെ ഉള്‍ക്കടലിലുള്ള ഈ മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.സമീപഭാവിയില്‍ തന്നെ ഈ വലയം കൂടുതല്‍ വലുതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സീഗ്‌ളൈഡേഴ്സ് എന്ന പേരിലുള്ള റോബോട്ടിക് ഡൈവേഴ്സിനെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് ആധാരം. ഒമാന്‍ ഉള്‍ക്കടലിലെ 63,700 ചതുരശ്രെമെല്‍ മേഖലയില്‍ ഓക്സിജന്റെ അളവ് അനുദിനം കുറയുകയാണെന്നാണു കണ്ടെത്തല്‍.സ്‌കോട്ലന്‍ഡിന്റെ ഇരട്ടിയും ഫ്ളോറിഡയ്ക്കു സമാനവുമാണ് മരണ മുനമ്പിന്റെ വലിപ്പം.
1970-കളിലാണ് അപകടമേഖലയെക്കുറിച്ച് ശാസ്ത്രലോകം ആദ്യമായി കണ്ടെത്തിയത്. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതീക്ഷിച്ചതിനേക്കാള്‍ വ്യാപ്തി അപകടമേഖലയ്ക്കുണ്ടെന്നാണ് പുതിയ പരീക്ഷണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.
ആയിരത്തിലധികം മീറ്റര്‍ സമുദ്രാന്തര്‍ഭാഗത്ത് എട്ടുമാസം പരീക്ഷണം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ക്കുപുറമേ രാഷ്ട്രതന്ത്രപരമായ പ്രശ്നങ്ങളും കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യവും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കാനാണ് റോബോട്ടിക് ഡൈവേഴ്സിനെ ഉപയോഗിച്ചത്. കടലില്‍ ശേഷിക്കുന്ന ഓക്സിജന്റെ അളവിനുപുറമേ ഒരുമേഖലയില്‍നിന്നു മറ്റൊരിടത്തേക്കുള്ള ഓക്സിജന്റെ സഞ്ചാരം സംബന്ധിച്ച വിവരവും പരിശോധനയില്‍ വ്യക്തമായി.
അപകടകരമായ രീതിയില്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിച്ചതിന്റെ ഫലമായി സമുദ്രത്തില്‍ ഉഷ്ണജലത്തിന്റെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ഉഷ്ണജലത്തില്‍ ഓക്സിജന്റെ അളവ് പരിമിതമായിരിക്കും. ഇതിനുപുറമേ സമുദ്രത്തിലേക്കെത്തുന്ന മാലിന്യത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. സമീപഭാവിയില്‍ ഒരു മഹാദുരന്തമാണു കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണു ശാസ്ത്രലോകം നല്‍കുന്നത്.