കോഴിക്കോട്: നാടകസംഘം സഞ്ചരിച്ച വാഹനത്തിൽ ബോർഡ് വച്ചതിന് 24,000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് തൃപ്രയാർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷീബ.
24,000 എന്നത് പിഴയല്ലെന്നും ബോർഡിന്റെ അളവാണെന്നും ഒരു രൂപ പോലും പിഴയായി വാങ്ങിയിട്ടില്ലെന്നും ഷീബ വ്യക്തമാക്കി.
വാഹത്തിൽ ബോർഡ് വയ്ക്കണമെങ്കിൽ നിയമപ്രകാരം ഫീസ് അടയ്ക്കണമെന്നു ഡ്രൈവറോടു പറഞ്ഞു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാൾ കയർത്തുസംസാരിച്ചു.
ഇത്ര വർഷമായിട്ടും ഒരു ഉദ്യോഗസ്ഥനും തങ്ങളുടെ വാഹനത്തിനെതിരെ കേസ് ചാർജ് ചെയ്തിട്ടില്ലെന്നായിരുന്നു അയാളുടെ വാദം. താൻ പറഞ്ഞ കാര്യങ്ങൾ എഴുതിനൽകണമെന്നും അയാൾ ആവശ്യപ്പെട്ടു.
അങ്ങനെയാണു ബോർഡിനെ സംബന്ധിച്ച കാര്യങ്ങൾ എഴുതി നൽകിയത്. കൃത്യമായി അളന്നുനോക്കിയിട്ടാണു ബോർഡിന്റെ അളവ് രേഖപ്പെടുത്തിയത്.
24,000 സ്ക്വയർ സെന്റിമീറ്റർ എന്ന അളവു കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 24,000 എന്നതു പിഴത്തുകയല്ല. അതു ബോർഡിന്റെ ഏരിയയാണ്. ഒരു സ്ക്വയർ സെന്റിമീറ്ററിന് 20 പൈസയാണ് ഫീസ് അടയ്ക്കേണ്ടത്.
അങ്ങനെയാണെങ്കിൽ 4,800 രൂപയേ വരികയുള്ളൂ. ഈ പണം ഒരു വർഷത്തേക്കു ബോർഡ് വയ്ക്കുന്നതിനുള്ള തുകയാണെന്നും എഎംവി ഷീബ വ്യക്തമാക്കി.
കഴിഞ്ഞദിവസം, ആലുവ അശ്വതി എന്ന നാടകസംഘത്തിന്റെ വാഹനത്തിനു മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. 24,000 രൂപ പിഴ ചുമത്തി എന്നായിരുന്നു ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് എഎംവി ഷീബ വിശദീകരണവുമായി രംഗത്തെത്തിയത്.