ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് സിആർപിഎഫ് ദ്രൗപദി മുർമുവിന് ഇന്നലെ മുതൽ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.
ഗോത്രവർഗ വിഭാഗത്തിൽനിന്നു രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യവനിതയാണ് ദ്രൗപദി മുർമു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് മുർമുവിനെ ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്.
റായിരംഗ്പുർ (ഒഡീഷ): എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമു ഡൽഹിക്കു തിരിക്കുംമുന്പ് ജന്മഗ്രാമമായ മയുർഭഞ്ജിലുള്ള ശിവക്ഷേത്രം ശുചിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജാർഖണ്ഡ് ഗവർണർസ്ഥാനത്തുനിന്നു വിരമിച്ച് നാട്ടിലെത്തിയശേഷം 2021 ഓഗസ്റ്റ് മുതൽ ദ്രൗപദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നുണ്ട്.
ആനക്കൊന്പിന്റെ നിറമുള്ള കൈത്തറി സാരിയുടുത്ത് ചൂലുമായി ക്ഷേത്രത്തിന്റെ നിലം തുടയ്ക്കുന്ന ദ്രൗപദിയെ കാണാൻ നൂറുകണക്കിനാളുകൾ ക്ഷേത്രപരിസരത്തെത്തിയിരുന്നു. ഇന്നലെ വെളുപ്പിനു മൂന്നിനും നാലിനുമിടയിലായിരുന്നു സംഭവം.
ക്ഷേത്രത്തിന്റ മുൻവശത്തെ നിലം അടിച്ചുവാരിയശേഷം കൈകഴുകി, ശിവവാഹനമായ നന്ദിയുടെ ചെവിയിൽ മന്ത്രിച്ച് അനുവാദം ചോദിച്ചശേഷമാണുക്ഷേത്രത്തിൽ പ്രവേശിച്ചത്.
ദ്രൗപദി മുർമുവിനു സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതിനാൽ ക്ഷേത്രം സിആർപിഎഫ് കമാൻഡോകളെക്കൊണ്ടു നിറഞ്ഞിരുന്നു. ബുധനാഴ്ച മുതൽ ദ്രൗപദിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ദ്രൗപദി നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ദ്രൗപദിയുടെ സ്ഥാനാർഥിത്വത്തിൽ ആദിവാസികൾ അത്യധികം സന്തോഷത്തിലാണെന്ന് ബിജെഡി എംഎൽഎ ആർ.കെ. ദാസ് പറഞ്ഞു.
രാവിലെ കൂടിക്കാഴ്ചകൾക്കും സന്ദർശനങ്ങൾക്കും ശേഷം ഭുവനേശ്വറിലേക്കു കാറിൽ തിരിച്ച ദ്രൗപദിയെ കാണാൻ റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു.
ചിലർ പൂക്കൾ വർഷിച്ച് മുദ്രാവാക്യം വിളിച്ചു. ഗോത്രവർഗത്തിൽനിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിസ്ഥാനാർഥിയാണ് ദ്രൗപദി.
ഗോത്രവർഗ പ്രദേശമായ മയുർഭഞ്ജിൽ ഇന്നലെ ആഘോഷത്തിന്റെ രാവായിരുന്നു. ഭുവനേശ്വർവഴി വിമാനത്തിൽ ഡൽഹിക്കു പോയ ദ്രൗപദിയെ ആദരിക്കാൻ തലസ്ഥാന നഗരത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.