ഗുവാഹത്തി: യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പൂര്‍ വ്യോമകേന്ദ്രത്തില്‍നിന്ന് സുഖോയ്-30 യുദ്ധവിമാനത്തിലാണ് രാഷ്ട്രപതി പറന്നുയര്‍ന്നത്.
മൂന്ന് ദിവസത്തെ അസം സന്ദര്‍ശനത്തിനെത്തിയതാണ് രാഷ്ട്രപതി. രാവിലെ 10.30ഓടെ രാഷ്ട്രപതി വ്യോമകേന്ദ്രത്തിലെത്തി. പ്രത്യേക ആന്‍റി ഗ്രാവിറ്റി സ്യൂട്ടുള്‍പ്പെടെ അണിഞ്ഞാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പ്രവേശിച്ചത്.
പിന്നീട് സുരക്ഷാപരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയശേഷം വിമാനം പറന്നുയര്‍ന്നു.രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തില്‍ രാഷ്ട്രപതിയും പൈലറ്റും മാത്രമാണുള്ളത്.
രാജ്യത്തിന്‍റെ സര്‍വസൈന്യാധിപ കൂടിയായ രാഷ്ട്രപതിയുടെ യാത്രയോടനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
മുന്‍ രാഷ്ട്രപതിമാരായ അബ്ദുൾ കലാം, പ്രതിഭാ പാട്ടില്‍ അടക്കമുള്ളവരും സമാനരീതിയില്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചിരുന്നു.