ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു പോർച്ചുഗലിലെത്തി. ഇന്നു പുലർച്ചെയാണ് തലസ്ഥാന നഗരിയായ ലിബ്സണിൽ രാഷ്ട്രപതി വിമാനമിറങ്ങിയത്. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ ഡി സോസ, പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, സ്പീക്കർ ജോസ് പെഡ്രോ അഗ്യുയാർ ബ്രാങ്കോ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പോർച്ചുഗലിലെ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രപതി കാണും.
27 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്. 1998ൽ കെ.ആർ. നാരായണനായിരുന്നു അവസാനമായി പോർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി. പോർച്ചുഗൽ പ്രസിഡന്റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണു സന്ദർശനം.
ഒന്പതിനു രാഷ്ട്രപതി പോർച്ചുഗലിൽനിന്ന് സ്ളോവാക്കിയയിലേക്കു പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ളോവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു.