ഇന്ത്യന്‍ ക്രിക്കറ്റിലെ കേമന്മാരില്‍ ഒരാള്‍ എന്നതിലുപരിയായി ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിനെ മനസില്‍ പ്രതിഷ്ഠിക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക കാരണമുണ്ട്. പിച്ചിലും പുറത്തും മാന്യതയുടെ പ്രതീകമാണ് ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. ഈ അടുത്ത് ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് പദവി രാഹുല്‍ ദ്രാവിഡ് നിരസിച്ചിരുന്നു. ഡോക്ടറേറ്റ് വെറുതെ വേണ്ടെന്നും ഗവേഷണം നടത്തി താന്‍ തന്നെ നേടിക്കൊള്ളാമെന്നുമുള്ള ദ്രാവിഡിന്റെ നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അഭിന്ദനങ്ങള്‍ ഏറ്റ് വാങ്ങുകയും ചെയ്തിരുന്നു.
താന്‍ എന്തുകൊണ്ടാണ് ഡോകടറേറ്റ് നിരസിച്ചതെന്ന് വ്യക്തമാക്കി ദ്രാവിഡ് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അമ്മയും ഭാര്യയും എത്രത്തോളം കഠിനധ്വാനം ചെയ്താണ് അവരിപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്ത് എത്തിയതെന്ന് തനിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് അധ്വാനിക്കാതെ നേടുന്ന ഒന്നിനോടും തനിക്ക് താത്പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ‘ എന്റെ അമ്മ പുഷ്പ 55ാം വയസ്സിലാണ് പിഎച്ച്ഡി ചെയ്തതും ഡോക്ടറേറ്റ് നേടിയതും. ശസ്ത്രക്രിയാ വിദഗ്ദ്ധയായ ഭാര്യ വിജേത സര്‍ജറി ബിരുദത്തിനായി ഏഴു വര്‍ഷമാണ് പഠിച്ചത്. അതുകൊണ്ടു തന്നെ എന്തെങ്കിലും എനിക്ക് നേടണമെന്ന് തോന്നുകയാണെങ്കില്‍ അത് അധ്വാനിച്ച് നേടാനാണ് എനിക്ക് ഇഷ്ടം. അതിന് മാത്രമേ വിലയുള്ളു. അദ്ധ്വാനിച്ച് നേടുന്നതില്‍ മാത്രമേ നമുക്കും സന്തോഷമുണ്ടാവുകയുള്ളു. മറ്റുള്ളവരും എന്നെപ്പോലെ തന്നെ ചിന്തിക്കണമെന്ന് ഇതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എന്റെ അനുഭവം ഇങ്ങനെയൊക്കെയാണ്. അതുകൊണ്ട് എനിക്ക് ഇങ്ങനെ മാത്രമേ ചിന്തിക്കാനാകൂ” ദ്രാവിഡ് പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു ദ്രാവിഡിന്റെ ജനനം. ബെംഗളൂരു സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂള്‍, സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്‌സ്, സെന്റ് ജോസഫ് കോളജ് ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എം.ബി. എ. ബിരുദധാരിയാണ്. 1996ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദ്രാവിഡ് 2012ലാണ് വിരമിച്ചത്. സച്ചിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം ദ്രാവിഡാണ്. കൂടാതെ ക്രിക്കറ്റില്‍ ധാരാളം നേട്ടങ്ങളും റിക്കാര്‍ഡുകളും ദ്രാവിഡ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ബാംഗ്ലൂര്‍ സര്‍വകലാശാല ദ്രാവിഡിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ഗുല്‍ബര്‍ഗ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റും ദ്രാവിഡ് നിരസിച്ചിരുന്നു.