ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുമ്പ് ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടി മുന്നേറിയ ഇന്ത്യ ഓസ്ട്രേലിയയോട് അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു ജയത്തിനുശേഷം തുടര്‍ച്ചയായി മൂന്നെണ്ണം തോറ്റ് പരമ്പര അടിയറവുവച്ചു.
ലോകകപ്പിനുമുമ്പ് ഇന്ത്യയുടെ അവസാനത്തെ ഏകദിന പരമ്പരയായിരുന്നു അത്. ലോകകപ്പിന് ഇന്ത്യ ചെല്ലുന്നു കിരീടം അനായാസം നേടുന്നു എന്ന സംസാരമുണ്ട്; അത് നല്ലതാണ്. ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരം ഇന്ത്യ കൂടുതല്‍ നന്നായി കളിക്കണമെന്ന് ഓര്മപ്പെടുത്തലായിരുന്നുവെന്ന് മുന്‍ നായകന് പറഞ്ഞു.
ഇന്ത്യക്ക് ലോകകപ്പ് അനായാസം നേടാനാകും. കാരണം അടുത്ത കാലത്തായി ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. പരമ്പരയിലെ പ്രകടനം കണ്ട് തന്റെ കാഴ്ചപ്പാടില്‍ അസാധാരണാമായി ഒന്നും കണ്ടില്ല. ഇപ്പോഴും കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ ഒന്നാണ് ഇന്ത്യ. പക്ഷേ ഇത് വളരെ കഠിനവും പോരാട്ടം നിറഞ്ഞതുമാണ്. ഇന്ത്യയുടെ അണ്ടര്‍ 19ന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡ് പറഞ്ഞു.