മുംബൈ: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ടു വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യയ്ക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ സേവനം ലഭ്യമാക്കണമെന്ന് മുൻ ഇന്ത്യൻ താരവും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെംഗ്സർക്കാർ.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയുള്ള ദ്രാവിഡിന്,
കോവിഡിനേത്തുടർന്ന് അക്കാദമി അടച്ചിരിക്കുന്നതിനാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സഹായിക്കുന്നതിന് ഓസ്ട്രേലിയയിൽ എത്താനാകുമെന്ന് വെംഗ്സർക്കാർ പറഞ്ഞു. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ പോലും രണ്ടക്കം കടന്നിരുന്നില്ല.
ടീം ഇന്ത്യയുടെ നിരുത്തരവാദിത്തപരമായ ബാറ്റിംഗിനെതിരെ ആരാധകരുടെ ഭാഗത്തു നിന്നും മുൻ ഇന്ത്യൻ താരങ്ങളുടെ ഭാഗത്തുനിന്നുമെല്ലാം വൻ വിമർശനം ഉയർന്നിരുന്നു.