കാടിന്റെ പച്ചപ്പും മലയിടുക്കും… ആകാശത്തെ കവരാനൊരുങ്ങുന്ന തിരമാലകൾ… ഇങ്ങനെ താൻ കാണാത്ത ലോകത്തെ ചക്ര കസേരയിരുന്ന് സ്വന്തം വിരൽ തുന്പിൽ വർണങ്ങളാൽ വിരിയിക്കുന്പോൾ ശ്രീകണ്ഠപുരം കൊട്ടൂർവയലിലെ അഞ്ജലി സണ്ണി ഏറെ സന്തോഷവതിയാണ്. തന്നെപ്പോലെ വീൽചെയറിൽ കഴിയുന്നവർക്ക് തന്റെ ജീവിതത്തിലൂടെ പ്രതീക്ഷയുടെ ലോകം തുറന്ന് നൽകാൻ കഴിഞ്ഞല്ലോയെന്ന സന്തോഷം. നിറയെ കളികളും കുസൃതികളുമായി പറന്ന് നടക്കേണ്ട ഒന്‍പതാം വയസിലാണ് അഞ്ജലിയുടെ ജീവിതം ട്രാക്ക് മാറി ഓടാന്‍ തുടങ്ങുന്നത്.
നടക്കുന്നന്പോഴും ഓടുന്പോഴും കാലിന് വേദനയായിരുന്നു തുടക്കം. അഞ്ചാം ക്ലാസ് എത്തിയതോടെ നടക്കാനും പടികള്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ബുദ്ധിമുട്ട് കൂടിവന്നതോടെ ചികിത്സകളുടെയും പരിശോധനകളുടെയും കാലം തുടങ്ങി. ഒടുവില്‍ അഞ്ജലിക്ക് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞു. ഒപ്പം രോഗം മാറാന്‍ സാധ്യത വിരളമാണെന്നും. അവിടെ നിന്നാണ് ഓടി നടന്നുള്ള കളിചിരികളില്ലാതെ വീല്‍ചെയറിലേക്ക് അഞ്ജലിയുടെ ജീവിതം മാറുന്നത്.
സംഗീതത്തിൽ നിന്ന് വരയിലേക്ക്
ചെറുപ്പം മുതലേ സംഗീതമായിരുന്നു അഞ്ജലിയുടെ ലോകം. സംഗീതം പഠിച്ചപ്പോഴും ഏറെ ഇഷ്ടം കീബോർഡ് വായിക്കാനും. എന്നാൽ, അപ്പോഴേക്കും മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ശരീരത്തിന്റെ ഓരോ ഭാഗങ്ങളും കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. പതിയെ പതിയെ അഞ്ജലിക്ക് മനസിലായി താൻ സ്നേഹിച്ചിരുന്ന കീബോർഡ് തന്നിൽ നിന്ന് അകലുകയാണെന്ന്. കീബോർഡ് പൂർണമായും ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഇനി എന്ത് എന്ന ചിന്ത അഞ്ജലിക്കുണ്ടായത്. പുസ്തകങ്ങളിൽ വെറുതെ ഓരോ ചിത്രങ്ങൾ വരച്ചിടുമെങ്കിലും വർണലോകത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ല.
വീൽചെയറിലുള്ള ഇരിപ്പിലെ വിരസതമാറ്റാനാണ് പിന്നീട് ഓരോ ചിത്രങ്ങളും വരച്ചു തുടങ്ങിയത്. ആദ്യം മലകളും പുഴകളും ആകാശവും പുസ്തകങ്ങളിൽ വരച്ചിട്ടു. അങ്ങനെ പതിയെ പതിയെ അഞ്ജലി അക്രലിക് ചിത്രരചനയിലേക്ക് കടന്നു.
താൻ കാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആൾക്കാരാണ് കണ്ട് അഭിപ്രായം അറിയിക്കുന്നത്. അത് കേൾക്കുന്പോൾ ഏറെ സന്തോഷം തോന്നുമെന്ന് അഞ്ജലി പറയുന്നത്.
വിടരാന്‍ ആഗ്രഹിച്ച്
ജീവിതത്തിന്റെ ഇരുട്ടു നിറഞ്ഞപ്പോഴും തോറ്റു കൊടുക്കാന്‍ അഞ്ജലിയുടെ രക്ഷിതാക്കള്‍ തയാറല്ലായിരുന്നു. മറ്റ് കുട്ടികളൊടൊപ്പം അഞ്ജലിയെ വാഹനത്തിൽ സ്കൂളിലേക്ക് അയച്ച് പഠിപ്പിച്ചു. ശ്രീകണ്ഠപുരം എച്ച്എസ്എസിൽ പ്ലസ് ടുവരെയുള്ള പഠനം പൂർത്തിയാക്കി. പിന്നീട് ഒരു വർഷം വീട്ടിൽ തന്നെ ഇരുന്നു. അത്രവരെ അക്രലിക് ചിത്രങ്ങൾ വരച്ചിരുന്ന അഞ്ജലി ഓരോ ഗ്രാഫിക് ഡിസൈനുകൾ ചെയ്യാൻ തുടങ്ങി.
യൂട്യൂബ് നോക്കിയും ഓൺലൈൻ ക്ലാസുകളിലൂടെയുമായിരുന്നു പഠനം. ഇത് നിറങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന അഞ്ജലിക്ക് തന്റെ രോഗത്തോടുള്ള വെല്ലുവിളിയായിരുന്നു. അഞ്ജലിക്ക് കൂട്ടായി കുടുംബവും ഉറ്റ സുഹൃത്ത് ലിനിയുമുണ്ടായിരുന്നു. ലിനിയുടെ കൈപിടിച്ച് അഞ്ജലി എസ്ഇഎസ് കോളജിൽ നിന്ന് ബിബിഎയും എംകോമും പഠിച്ചു.
ഡിജിറ്റൽ വരയിലേക്ക്
എംകോം പഠനത്തിന് ശേഷം അക്കൗണ്ട്സ് മേഖലകളിൽ നിന്ന് അഞ്ജലിയെ തേടി പ്രമുഖ കന്പനികളിൽ നിന്ന് ഓഫർ ലറ്ററുകളെത്തി. ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു കന്പനിയിൽ രണ്ട് വർഷത്തോളം ജോലി ചെയ്തു. പിന്നീട്, ടെക്നോപാർക്കിൽ ഇവൈ എന്ന കന്പനിയിലും ജോലി ചെയ്തു. വർക്ക് ഫ്രം ഹോം ആയിരുന്നു.
ഇതിനിടയിൽ അഞ്ജലി ഡിജിറ്റൽ വര പഠിക്കാൻ തുടങ്ങി. വര തലയ്ക്ക് പിടിച്ചതോടെ ജോലി മതിയാക്കി. പിന്നീട് തന്റെ ചിന്തകളും കാഴ്ചകളുമെല്ലാം വരകളായി പകർത്താൻ തുടങ്ങി. ഇതിനിടെ ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട് ഇൻക്ലൂഷൻ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രഫഷണലായി വര അഭ്യസിച്ചിട്ടില്ലാത്ത അഞ്ജലി ഇറ്റലിയിലെ പൊജെനോണിൽ ഇതിനകം എക്സിബിഷനുകൾ നടത്തിക്കഴിഞ്ഞു. ഇതിന് ബന്ധുവായ ഫാ. സിന്റോയാണ് അഞ്ജലിക്ക് മാർഗനിർദേശവും സഹായവും നൽകുന്നത്. പിതാവ് സണ്ണിയും അമ്മ ബിൻസിയും സഹോദരങ്ങളായ അബിലും സോണിയയും ആഷ്ലിയും അഞ്ജലിയുടെ ജീവിതത്തിന് നിറം നൽകി കൂടെ തന്നെയുണ്ട്. മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡിലും അഞ്ജലി സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അനുമോൾ ജോയ്