ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന് ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
ആൻജിയോഗ്രാം ചെയ്തപ്പോഴാണ് മൂന്ന് ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞത്. അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചു. മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിത്രങ്ങള് അടക്കം പങ്കുവച്ചാണ് ഡോ. ബിജുവിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ഒന്നര മാസം മുൻപ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം. ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോൾ നെഞ്ചിന് ഒരു ഭാരം പോലെ . യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി.
എല്ലാ പരിശോധനകളും നടത്തി. ഇസിജിയും എക്കോയും ഒക്കെ നോർമൽ. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീർഘ യാത്ര ഉള്ളത് അറിഞ്ഞപ്പോൾ കാർഡിയാക് സർജൻ ഡോ. ചന്ദ്ര മോഹൻ പറഞ്ഞു.
ഏതായാലും യാത്ര ഒക്കെ ഉള്ളത് അല്ലേ നമുക്ക് വെറുതെ ഒരു ആഞ്ജിയോഗ്രാം ചെയ്തു നോക്കാം . കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പിക്കാമല്ലോ.
കുഴപ്പം ഒന്നുമില്ലെങ്കിൽ ഉച്ചയ്ക്ക് മുൻപേ വീട്ടിൽ പോകാം . ആൻജിയോഗ്രാം ചെയ്തപ്പോൾ ദാ മൂന്ന് ബ്ലോക്ക്. അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടർ അറിയിച്ചു.
മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടു. ഒരു ദിവസത്തെ ഐസിയു ഉൾപ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം. തുടർന്ന് സന്ദർശകരെ ഒട്ടുമേ അനുവദിക്കരുത് എന്ന ഡോക്ടറുടെ കർശന നിർദ്ദേശത്തോടെ ഒന്നര മാസത്തെ പരിപൂർണ്ണ വിശ്രമം. വീട്ടിൽ ബേബിയുടെ (വിജയശ്രീ) പൂർണ നിയന്ത്രണത്തിലും ചിട്ടയിലും ഒന്നര മാസം വിശ്രമം.
വായന, പപ്പുവ ന്യൂ ഗിനിയ സിനിമയുടെ ഓൺലൈൻ കോ ഓർഡിനേഷൻ ചർച്ചകൾ , ഉറക്കം, മരുന്നുകൾ. ഒന്നര മാസത്തിനു ശേഷമുള്ള ചെക്ക് അപ് കഴിഞ്ഞപ്പോൾ ചില ചെറിയ ചെറിയ നിബന്ധനകളോടെ ജീവിതം സാധാരണ നിലയിലേക്ക് പോകാമെന്നു ഡോക്ടർ.
ഇപ്പോൾ വീണ്ടും ജോലിക്ക് കയറി. ജീവിതം അവിചാരിതമായ ഒരു ചെറിയ തടസത്തിനു ശേഷം വീണ്ടും മുന്നോട്ട്. എത്രമേൽ അനിശ്ചതത്വം നിറഞ്ഞതാണ് നമ്മുടെ ഒക്കെ ഈ ജീവിതം. ഇടവേളയും ഫുൾ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാവുന്ന ഒരു തിരശീല മാത്രമാണല്ലോ നമ്മൾ.