ജോസ് കുന്പിളുവേലിൽ
പാരീസ്: അറുപതുകഴിഞ്ഞവർ കൊറോണയെ സൂക്ഷിക്കണമെന്നു ലോകം പറയുന്പോൾ ഒരു ചെറുപുഞ്ചിരിയോടെ പോരാട്ടം തുടരുകയാണ് ഫ്രാൻസിൽ ഒരു 98കാരൻ.
ഒൗദ്യോഗികമായി സ്റ്റെതസ്കോപ് കൈകളിലേന്തിയിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും അതു താഴെ വയ്ക്കാൻ മടിക്കുന്ന ഫ്രാൻസിലെ ഡോ. ക്രിസ്റ്റ്യാൻ ചെനെയുടെ ജോലിയോടുള്ള ആത്മാർഥതയ്ക്കു മുന്പിൽ ലോകം തലകുനിക്കുന്നു.
കൊറോണയുടെ പിടിയിൽ രാജ്യം തേങ്ങുന്പോൾ വാർധക്യത്തിന്റെ പരിമതികളും സ്വന്തം ജീവന്റെ അപകടവും മറന്നു പോരാട്ടത്തിന്റെ തിരക്കിലാണ് 99-ാം ജന്മദിനത്തിലേക്കു കടക്കുന്ന ഡോ.ക്രിസ്റ്റ്യാൻ. ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറാണ് അദ്ദേഹം.
70 വർഷത്തെ സേവനത്തിനു ശേഷവും പാരീസിലെ “മറന്നുപോയ’ പ്രാന്തപ്രദേശങ്ങളിലെ ആളുകളെ സഹായിക്കാൻ താൻ രംഗത്തിറങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്.
പകർച്ചവ്യാധിക്കുമുന്പു തന്നെ കുറഞ്ഞ വരുമാനമുള്ള പാരീസ് നഗരപ്രാന്തത്തിലെ ശാന്തമായ തെരുവിൽ ഡോക്ടറുടെ പ്രാക്ടീസ് കെട്ടിടത്തിലെ കാത്തിരിപ്പ് മുറി നിറഞ്ഞിരുന്നു.
സേവനത്തിന്റെ ദൂതൻ എന്നാണ് രോഗികൾ അദ്ദേഹത്തെ വിളിക്കുന്നത്.വിദൂര പ്രദേശങ്ങളിൽനിന്നുപോലും രോഗികൾ പുലർച്ചെതന്നെ ഡോ. ക്രിസ്റ്റ്യാന്റെ സേവനം തേടി വരുന്നതും അദ്ദേഹത്തിന്റെ കർമഗുണംകൊണ്ടുതന്നെ.
ഫ്രാൻസിന്റെ പ്രാന്തപ്രദേശങ്ങളിൽ കുടുംബ ഡോക്ടർമാരുടെ കുറവാണ് ഇപ്പോഴും ജോലി തുടരാനുള്ള ചെനെയുടെ തീരുമാനത്തിന്റെ പിന്നിൽ.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നായി രാജ്യത്തിനു പ്രശസ്തി ഉണ്ടെ ങ്കിലും പൊതു പരിശീലകരുടെ അഭാവം പ്രതിസന്ധി ഘട്ടത്തെ കൂടുതൽ വഷളാക്കിയെന്നു ഡോ. ക്രിസ്റ്റ്യാൻ പറയുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ പരിചരണം ലഭ്യമാക്കാൻ പാടുപെടുന്ന ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല, കുറഞ്ഞ വരുമാനമുള്ള നഗരത്തിലെ ചില കേന്ദ്രങ്ങളിലും ഈ പ്രശ്നം വളരെ രൂക്ഷമാവുകയാണ്.
19,000 ആളുകൾ അധിവസിക്കുന്ന പാരീസ് നഗരപ്രാന്തമായ ഷെവില്ലിലാരുവിൽ ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ്് ലഭിക്കാൻ ആളുകൾ പാടുപെടുകയാണെന്ന് അദ്ദേഹത്തിന്റെ രോഗികളിൽ പലരും പറയുന്നു.
ഇതിനിടെ, പോസിറ്റീവായ രോഗികളുമായി ഇടപഴകിയതുമൂലം ഡോക്ടറും കുറച്ചു കാലത്തേയ്ക്കു മുഖാമുഖം കൂടിക്കാഴ്ചകൾ അവസാനിപ്പിച്ചു ക്വാറന്റൈനിൽ ആയിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്തു ടൈഫൂസ് രോഗികൾക്കു ചികിത്സ നൽകിയ ആളാണ് ഡോക്ടർ. 70 വർഷങ്ങൾക്ക് മുന്പ് വാൽഡിമർനെയിലെ ഈ പ്രദേശത്ത് ഒരു ജനറൽ പ്രാക്ടീഷണറായി ഡോ. ചെനെ ജോലി ആരംഭിച്ചു.
എന്നാൽ, കൗതുകകരമായ കാര്യം ഡോക്ടറായ ഇദ്ദേഹത്തിന്റെ മകൻ 67-ാം വയസിൽ ജോലിയിൽനിന്നു വിരമിച്ചു എന്നുള്ളതാണ്. കാറന്റൈൻ കാലത്തും ശേഷവും ഫോണിലും ഇന്റർനെറ്റിലും വർച്വൽ കൺസൾട്ടേഷനിലും സജീവമാണ് ഈ മനുഷ്യസ്നേഹി.