ഫാന്റസി സ്പോര്ട്സ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവന് അവരുടെ കളിനിയമങ്ങളില് മാറ്റങ്ങള് വരുത്തി എന്ന വിവരമാണ് ഇപ്പോള് പുറത്തു വരുന്നത്. ഒരു മത്സരത്തില് ഡ്രീം ഇലവന് ടീം സെറ്റ് ചെയ്യുമ്പോള് ഒരു ടീമിലെ പരമാവധി ഏഴു പേര് മാത്രമേ ഡ്രീം ഇലവന് ടീമില് ഉള്പ്പെടാവൂ എന്നായിരുന്നു മുന് നിയമം.
എന്നാല് പുതിയ നിയമമനുസരിച്ച് ഒരു ടീമിലെ 10 പേരെ വരെ ഡ്രീം ഇലവന് ടീമില് ഉള്ക്കൊള്ളിക്കാനാവും. എതിര് നിരയില് നിന്നുള്ള ഒരു കളിക്കാരന് നിര്ബന്ധമായും വേണം എന്നു മാത്രം.
ഇതേപോലെ തന്നെ വിക്കറ്റ്കീപ്പര്, ബാറ്റര്, ഓള്റൗണ്ടര്, ബൗളര് എന്നിങ്ങനെയുള്ള കാറ്റഗറിയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലും നിയന്ത്രണങ്ങള് ഉണ്ടായിരുന്നു.
മുന് നിയമപ്രകാരം 1-4 വിക്കറ്റ് കീപ്പര്, 3-6ബാറ്റര്മാര്,1-4 ഓള്റൗണ്ടര്മാര്,3-6 ബൗളര്മാര് എന്നിങ്ങനെ വേണമായിരുന്നു ടീം തെരഞ്ഞെടുക്കാന്.
എന്നാല് പുതിയ നിയമമനുസരിച്ച് എല്ലാ കാറ്റഗറിയില് നിന്നും കുറഞ്ഞത് ഒരാള് മാത്രം ഉള്പ്പെടുത്തിയാല് മതിയാകും.
അതായത് നമ്മള്ക്ക് എട്ടു ബാറ്റര്മാരെയോ എട്ടു ബൗളര്മാരെയോ എട്ട് ഓള്റൗണ്ടര്മാരെയോ ഒരു മത്സരത്തിന് ഉള്പ്പെടുത്താനാവും.
ശക്തരായ ടീമും ദുര്ബലരായ ടീമും തമ്മില് ഏറ്റുമുട്ടുമ്പോള് ശക്തരായ ടീമിന്റെ 11 കളിക്കാരില് 10 പേരെയും നമ്മുടെ ടീമില് ഉള്പ്പെടുത്താനുള്ള അവസരമാണ് പുതിയ നിയമത്തിലൂടെ കൈവന്നിരിക്കുന്നത്.
എന്നാല് ഇത് താല്ക്കാലികമായ ഒരു നിയമമാണ് എന്നതാണ് വസ്തുത. ജനുവരി 22 മുതല് ഫെബ്രുവരി എട്ടുവരെയാണ് പുതിയ നിയമം നിലനില്ക്കുക.
പരീക്ഷണം വിജയമായാല് നിയമം തുടരാനുള്ള സാധ്യതയുമുണ്ട്. എന്തായാലും പുതിയ നിയമം ഗെയിമിന്റെ ആവേശം കൂട്ടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.