വടക്കഞ്ചേരി: വടക്കഞ്ചേരി അപ്ലൈഡ് കോളജ് ഓഫ് സയൻസിലെ എൻഎസ്എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഭവനരഹിതയായ ലക്ഷ്മിക്കും മകനും സ്വപ്നവീടൊരുങ്ങുന്നു. അഞ്ചുമൂർത്തിമംഗലം റോസി സ്കൂൾ വഴിയിൽ ചോഴിയംകാടാണ് വീടുനിർമാണം അന്തിമഘട്ടത്തിലെത്തിയത്.
ഈമാസം തന്നെ എല്ലാപണികളും കഴിച്ച് ഗൃഹപ്രവേശം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം. കഴിഞ്ഞദിവസം വീടിന്റെ മെയിൻ വാർക്ക പൂർത്തിയായി. രണ്ടു ബെഡ്റൂം, ഹാൾ, അടുക്കള, ബാത്ത് റൂം ഉൾപ്പെടെ 450 സ്ക്വയർഫീറ്റിലാണ് വീട്. അഞ്ചുലക്ഷത്തോളം രൂപയാണ് മൊത്തം ചെലവു പ്രതീക്ഷിക്കുന്നത്.
കാലിക്കറ്റ് സർവകലാശാലയുടെ സുവർണജൂബിലി, കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വീടില്ലാത്തവർക്കു വീടുനിർമിച്ചു നല്കാൻ അഭയം പ്രോജക്ട് എന്ന പേരിൽ പദ്ധതിയിട്ടത്.
ഒന്നുമില്ലായ്മയിൽനിന്നാണ് വിദ്യാർഥികളിൽ ഈ ആശയം ഉയർന്നതെങ്കിലും നിരവധിപേരുടെ സഹായത്തോടെ വിദ്യാർഥികളുടെ സ്വപ്നപദ്ധതി യാഥാർഥ്യമാകുകയായിരുന്നു. അഞ്ചുരൂപ മുതൽക്കുള്ള ചെറിയ തുകയിലൂടെ വിദ്യാർഥികൾ തന്നെ രണ്ടരലക്ഷം രൂപ സമാഹരിച്ചു. കൂടാതെ കടകളിലും വീടുകളിലും കയറിയിറങ്ങിയും പണം സ്വരൂപിച്ചു.
വിദ്യാർഥികളുടെ ന·മനസിന് പിന്തുണയുമായി പിന്നീട് നിരവധിപേരെത്തി. പഞ്ചായത്ത് അധികൃതർ മുതൽ അയൽവാസികൾ വരെ അവർക്കു ചെയ്യാവുന്ന സഹായങ്ങളുമായി വീടുനിർമാണം വേഗത്തിലാക്കി.വീടുനിർമാണ സാമഗ്രികളെല്ലാം ഏറ്റവും കുറഞ്ഞ വിലയ്ക്കു സ്പോണ് ചെയ്തും പൊതുജനങ്ങളും കുട്ടികളുടെ കാരുണ്യപ്രവൃത്തിയെ പ്രോത്സാഹിപ്പിച്ചു. ചെറിയ നിരക്കിനാണ് കരാറുകാരനായ ഷാജഹാനും പണി നടത്തുന്നത്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുധ ജി.സുധീർ, യൂണിറ്റ് സെക്രട്ടറി കൃപൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 250 വോളണ്ടിയർമാരുണ്ട് ഈ സേവനത്തിനു പിന്നിൽ. കാലിക്കറ്റ് സർവകലാശാലയുടെ ഗോൾഡൻ ജൂബിലി സ്മാരകമായുള്ള ജില്ലയിലെ ആദ്യഭവനനിർമാണം എന്നനിലയിൽ ഏറ്റവും മനോഹരവും ഉറപ്പോടുംകൂടിയാണ് വീടുനിർമിക്കുന്നത്.