നെടുമ്പാശേരി: പാവപ്പെട്ടവര്‍ തിങ്ങിത്താമസിക്കുന്ന നാല് സെന്റ് കോളനിയില്‍ മനോഹരമായ ഓഡിറ്റോറിയം നിര്‍മിച്ച് അതു പാവങ്ങളുടെയും മറ്റും മക്കളുടെ കല്യാണത്തിനും സാമൂഹ്യപ്രതിപദ്ധതയുള്ള പ്രവർത്തനങ്ങൾക്കും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് നാടിനു മാതൃകയാവുകയാണ് മുൻ പഞ്ചായത്തംഗം കൂടിയായ എം.വി. സുന്ദരൻ. നാട്ടുകാരുടെ കാലങ്ങളായുള്ള ചിരകാലാഭിലാഷമാണ് കഴിഞ്ഞദിവസം നടന്ന ഓഡിറ്റോറിയം ഉദ്ഘാടനത്തിലൂടെ അദ്ദേഹം പൂർത്തീകരിച്ചത്.
സാധാരണക്കാരും കൂലിപ്പണിക്കാരുമായ വിവിധ ജാതി മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ചെങ്ങമനാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് സുന്ദരന്‍ 1,500 ഓളം പേര്‍ക്കെങ്കിലും പങ്കെടുക്കാവുന്ന ചടങ്ങുകൾ നടത്താവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഡ്രീംലാൻഡ് എന്ന ഓഡിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്.
തന്റെ വീടിന് ചുറ്റും താമസിക്കുന്ന സാധാരണക്കാര്‍ വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വലയുന്നതും ദൂരെ സ്ഥലങ്ങളില്‍ ഭീമമായ തുക നല്കി ആവശ്യം നിര്‍വഹിക്കുന്നതും കാലങ്ങളായി കണ്ടുവരുന്ന സുന്ദരന്‍ അതിനൊരു പരിഹാരമെന്നോണമാണ് വീടിനടുത്ത് തന്റെ പെണ്മക്കളായ സുനിത പ്രവീണ്‍, സ്മിത ജഗദീഷ് എന്നിവര്‍ക്ക് നല്കിയ അര ഏക്കര്‍ സ്ഥലത്ത് ഓഡിറ്റോറിയം നിര്‍മിച്ചത്.
നാട്ടുകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതില്‍ ജനപ്രതിനിധിയായിരിക്കുമ്പോഴും സുന്ദരന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഴയകാല ഇഷ്ടിക വ്യാപാരിയും മേഖലയില്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുന്ദരന്‍ വരുമാനവും സമ്പാദ്യവും എന്നതിലുപരി തികച്ചും നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.
ഭാര്യ സ്റ്റാര്ലിയുടെയും പരേതയായ മാതാവ് ലക്ഷ്മിയുടെയും ഉറ്റ സുഹൃത്തും അയല്‍വാസിയുമായ അടുത്തിടെ നിര്യാതനായ സിപിഎം നേതാവ് പി.എം. അബ്ദുല്ലയുടെയും ആഗ്രഹമായിരുന്നു പുതുവാശേരിയിലൊരു ഓഡിറ്റോറിയമെന്ന് സുന്ദരന്‍ പറഞ്ഞു. സമൂഹ വിവാഹം, നിരാലംബര്‍, അനാഥകള്‍, നിര്‍ധനര്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെല്ലാം തികച്ചും സൗജന്യമായി ഓഡിറ്റോറിയം തുറന്നുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷംവീട് കോളനി മധ്യത്തില്‍ തുടക്കം കുറിച്ച ഓഡിറ്റോറിയം നിര്‍മാണത്തിന്റെ തുടക്കം മുതല്‍ നാട്ടുകാരുടെ പൂര്‍ണ പിന്തുണ ലഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ഉത്സവ ലഹരിയില്‍ സമീപവാസികൂടിയായ അന്‍വര്‍സാദത്ത് എംഎല്‍എയാണ് ഓഡിറ്റോറിയം ഉദ്ഘാടനം നിര്‍വഹിച്ചത്. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ സാമുഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തുള്ളവരടക്കം പങ്കെടുത്തു.