ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ ഡല്‍ഹി-കൊച്ചി-ദുബായ് പ്രതിദിന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യയുടെ 933-ാം നമ്പര്‍ വിമാനം പുലര്‍ച്ചെ 5.10ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം എട്ടിന് കൊച്ചിയിലെത്തും അവിടെനിന്ന് 9.15ന് ദുബായിലേക്ക് തിരിക്കുന്ന വിമാനം 12ന് അവിടെ എത്തിച്ചേരും. അവിടെ നിന്ന് ഇങ്ങോട്ട് തിരിച്ചു പറക്കുന്നത് 934-ാം നമ്പര്‍ വിമാനമാണ്. ഉച്ചയ്ക്ക് 1.30ന് ദുബായില്‍ നിന്നും തിരിക്കുന്ന വിമാനം വൈകിട്ട് 6.50ന് കൊച്ചിയിലെത്തും. അവിടെ നിന്ന് രാത്രി 8.20ന് ഡല്‍ഹിയിലേക്ക് തിരിക്കുക എയര്‍ ഇന്ത്യയുടെ 047-ാം നമ്പര്‍ വിമാനമാണ്. ഇത് 11.20ന് ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നതോടെയാണ് ദിവസ സര്‍വീസ് പൂര്‍ത്തിയാവുക.
തുടക്കത്തില്‍ ആകര്‍ഷകമായ ഓഫറുകളാണ് എയര്‍ഇന്ത്യ യാത്രക്കാര്‍ക്കു മുമ്പില്‍ വച്ചിരിക്കുന്നത്. എക്കണോമി ക്ലാസില്‍ 40 കിലോഗ്രാം ഭാരമുള്ള അനുബന്ധവസ്തുക്കള്‍ ഒപ്പം കൊണ്ടുപോകാം. ബിസിനസ് ക്ലാസില്‍ ഭാരപരിധി 50 കിലോഗ്രാമാണ്.2011ലാണ് ബോയിംഗ് ഡ്രീംലൈനര്‍ വിമാനം അവതരിപ്പിക്കുന്നത്. എക്കണോമി, ബിസിനസ് ക്ലാസുകളിലായി 340 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്തിനാവും.
ഇന്ധന ലാഭം, തുടര്‍ച്ചയായി മണിക്കൂറുകള്‍ പറക്കാനുള്ള ശേഷി, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ഇരിപ്പിട സംവിധാനം, വിനോദോപാധി, മികച്ച ഭക്ഷണം എന്നിവയെല്ലാം ഡ്രീം ലൈനര്‍ വാഗ്ദാനം ചെയ്യുന്നു.