പുരി: ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വസ്ത്രധാരണത്തിൽ പുതിയ നിബന്ധനയുമായി ക്ഷേത്രഭരണസമിതി. സ്ലീവ് ലെസ് വസ്ത്രങ്ങൾ, പാവാട, ജീൻസ്, ഹാഫ് പാന്റ്സ്, ഷോർട്സ് എന്നീ വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ ക്ഷേത്രത്തിലെത്തരുതെന്നാണ് അധികൃതരുടെ നിർദേശം.
പകരം ദർശനത്തിനെത്തുന്ന സ്ത്രീകൾ സാരീ, ചുരിദാർ തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കണം. അതേസമയം, പുരുഷന്മാർ ധോത്തി ധരിച്ചും വേണം ക്ഷേത്രത്തിലെത്താൻ.
ഇതോടൊപ്പം ഭക്തർ താമസിക്കുന്ന ഹോട്ടലുകളോട് വസ്ത്രധാരണത്തെ കുറിച്ച് ഭക്തർക്ക് ബോധവൽക്കണം നൽകണമെന്നും ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു.
വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങൾക്ക് പുറമേ ക്ഷേത്ര പരിസരത്ത് ലഹരി ഉല്പന്നങ്ങളുടെ വിൽപനയും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്താനാണ് ഇത്തരത്തിൽ പാൻ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും ക്ഷേത്ര അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.