കോൽക്കത്ത: ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്ന കാര്യത്തിൽ കോളജ് വിദ്യാർഥികൾ എവിടെയും ഒരുപടി മുന്നിലാണ്. ശരീരഭാഗങ്ങൾ കാണത്തക്കവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും അവർ മടി കാട്ടാറില്ല. മിക്ക കാമ്പസുകളിലും വസ്ത്രധാരണത്തിൽ വലിയ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ചില മാനേജ്മെന്റുകൾ നിബന്ധനകൾ വയ്ക്കാറുണ്ട്.
അതാകട്ടെ വിമർശനങ്ങൾക്കു വഴിവയ്ക്കാറുമുണ്ട്. കോൽക്കത്തയിലെ എജെസി ബോസ് കോളജിൽ പുതുതായി ചേർന്ന വിദ്യാർഥികൾക്ക് വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
അസഭ്യമായരീതിയിൽ വസ്ത്രം ധരിച്ച് കോളജിൽ വരില്ലെന്ന സത്യവാങ്മൂലം ഒപ്പിടീച്ച് വാങ്ങുകയായിരുന്നു കോളജ് അധികൃതർ. കീറിപ്പറിഞ്ഞ രീതിയിലുള്ള ജീൻസ് (ടോൺ ജീൻസ്) ധരിക്കരുതെന്നു പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
തികച്ചും ഔപചാരികമായ വസ്ത്രങ്ങൾ മാത്രമേ കാമ്പസിൽ സ്വീകാര്യമാകൂ എന്നാണ് കോളജ് ഉത്തരവ്. ഈ കോളജിൽ ഇതാദ്യമായിട്ടല്ല നിയന്ത്രണമെന്നു പറയുന്നു. കഴിഞ്ഞവർഷവും ടോൺ ജീൻസിന് വിലക്ക് കൽപ്പിച്ചിരുന്നു.
എന്നാൽ, വിദ്യാർഥികൾ അത് ധരിക്കുന്നത് തുടർന്നു. അതോടെയാണ് സത്യവാങ്മൂലം ഒപ്പിടീക്കുന്നതടക്കം കർശന നടപടികളിലേക്കു മാനേജ്മെന്റ് കടന്നത്.
വിദ്യാർഥികളുടെ വസ്ത്രധാരണത്തിൽ അവരുടെ മാതാപിതാക്കളോടും അധികൃതർ ഉറപ്പ് വാങ്ങുന്നുണ്ട്. ഇതിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയ വിദ്യാർഥികൾ നിർദേശം പാലിക്കുമോ കണ്ടറിയണം.