മണിമല: പ്രണയതട്ടിപ്പ് സംഘങ്ങൾക്കെതിരെ നിരവധി പരാതി ഉയരുന്നു. കഴിഞ്ഞ ദിവസം സംഭവം പുറത്തു വന്നതോടെയാണ് നിരവധി പെണ്‍കുട്ടികളുടെ ഫോണിലേക്ക് തട്ടിപ്പുസംഘം വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നു പരാതിയുമായി പലരും രംഗത്തെത്തിയത്.
ആളുകൾ വാർത്ത അറിഞ്ഞുതുടങ്ങിയതോടെ സംഘങ്ങൾ നാടുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മണിമല പോലീസിന്റെ പ്രതികരണം.
കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള യുവാക്കളാണു മണിമലയിലെത്തി മൊബൈൽ ഷോപ്പ് തുടങ്ങിയത്.
മൊബൈൽ ഫോണ്‍ വിൽപ്പനയും റീചാർജുമായി മുന്നോട്ട് പോയ ഇവർ ഫോണ്‍ റീചാർജ്് ചെയ്യാൻ എത്തുന്ന പെണ്‍കുട്ടികളുടെ നന്പറുകൾ ശേഖരിച്ചു.
തുടർന്ന് ഇവർ പെണ്‍കുട്ടികളുടെ നന്പറിലേക്ക് വിളിക്കുകയും സന്ദേശം അയ്ക്കുകയും ചെയ്തു.
മണിമല സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി വിളിച്ച് ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി വീട്ടിൽ കാര്യം പറഞ്ഞു.
ഇത് ചോദിക്കാൻ കടയിലെത്തിയ പെണ്‍കുട്ടിയുടെ അമ്മയെ ഇവർ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു.
തുടർന്ന് അമ്മയും പെണ്‍കുട്ടിയും ചേർന്ന് സമീപവാസികളോടും രാഷ്ട്രീയ പ്രവർത്തകരോടും കാര്യം പറയുകയും ഇവർ കടയിലെത്തി ’കാര്യമായി തന്നെ’ ചോദ്യം ചെയ്തതോടെ തട്ടിപ്പ് പുറത്തറിയുകയുമായിരുന്നു.
പ്രണയതട്ടിപ്പ് വിവരം നാട്ടിൽ അറിഞ്ഞതോടെ സംഘങ്ങൾ കടപൂട്ടി നാടുവിടുകയും ചെയ്തു.