കെ എ അബ്ബാസ്
പൊൻകുന്നം: മനുഷ്യന്റെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്ന കാലത്ത് ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി മലയോരമേഖലയിൽ വ്യാപമാക്കുന്നു.
കർഷകർ താത്പര്യത്തോടെ ചെയ്തു തുടങ്ങിയ കൃഷിക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് പിന്തുണയുമായെത്തുന്നത്.
സ്വകാര്യ നഴ്സറികളിൽ നൂറുരൂപ വിലയുള്ള തൈ സബ്സിഡിയോടെ 25 രൂപയ്ക്കാണ് കർഷകരിലേക്കെത്തുന്നത്. നാലുതൈകളുടെ യൂണിറ്റാണ് 100 രൂപയ്ക്ക് ലഭ്യമാക്കുന്നത്.
ആരോഗ്യദായകം ഈ പഴം
വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം എന്നിവയാൽ സമൃദ്ധമാണ് ഡ്രാഗൺ ഫ്രൂട്ട്. ഫൈബർ കൂടുതലുള്ളതിനാൽ ഡയബറ്റിക് രോഗികൾക്കും കഴിക്കാവുന്നതാണ്. ആന്തോസയാഹിൻ കൂടുതലായി ഉള്ളതിനാൽ കണ്ണിന്റെ കാഴ്ച വർധിപ്പിക്കുന്നതിന് സഹായകരമാണ്.
കൃഷിരീതി
നട്ട് രണ്ടാം വർഷം മുതൽ കായ്ച്ചു തുടങ്ങും. പഴമൊന്നിന് 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുണ്ടാകും.
താങ്ങുകാലുകളായി കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. ശരിയായി സംരക്ഷിക്കുന്നതിന് പഴയ ടയർ പിടിപ്പിച്ച് സുന്ദരമാക്കാം.
നിലവിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ പ്രദേശങ്ങളിൽ ഈ പുതുവിളയുടെ കൃഷി വ്യാപിച്ചുവരുന്നു.
ജില്ലയിൽ ഈ വർഷം നൂറ് ഏക്കറിൽ പുതുകൃഷി തുടങ്ങുന്നതിനാണ് കൃഷിവകുപ്പ് സഹായം ഒരുക്കുന്നത്. രണ്ടര ഏക്കറിൽ 3000 തൈകൾ നടുന്നതിന് കഴിയും.
കുറഞ്ഞ അളവിൽ കൃഷി ചെയ്യുന്നവർക്കും നടീൽ വസ്തുക്കൾ നൽകും. കൃഷി രീതികൾ കർഷകർക്ക് ഓണ്‍ലൈൻ വഴി നൽകും.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കും. താൽപ്പര്യമുള്ള കർഷകർ സ്വന്തം കൃഷിഭവനിലെത്തി അപേക്ഷ നൽകണമെന്ന് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ചുമതലയുള്ള കൃഷി ഡപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി അറിയിച്ചു.