ഇടുക്കി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ 14ന് ആരംഭിക്കുന്നതിന് മുന്നോടിയായി തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി.
ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുൻപ് ലേണേഴ്സ് ലൈസൻസ് എടുത്തവർക്കോ ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമാണ് ഒക്ടോബർ 15 വരെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം. മറ്റുള്ളവർക്ക് അതിനു ശേഷം അവസരം നൽകും. ലേണേഴസ് ടെസ്റ്റുകൾക്ക് ഓണ്‍ലൈൻ രീതി തുടരും.
ഡ്രൈവിംഗ് സ്കൂളുകാർക്കുള്ള നിർദേശങ്ങൾ
ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ കണ്ടെയ്ന്റ്മെന്റ് സോണിൽ താമസിക്കുന്നവരോ കുടുംബാംഗങ്ങൾ ആരെങ്കിലും ഹോം – ക്വാറന്റൈനിൽ ഉള്ളവരോ ആയിരിക്കരുത്. ഇക്കാര്യം സ്ഥാപന ഉടമ ഉറപ്പ് വരുത്തണം.
പരിശീലനം നടക്കുന്ന സ്ഥലങ്ങളിലും, ടെസ്റ്റ് ഗ്രൗണ്ടിലും എത്തുന്നവർ സാമൂഹ്യ അകലം പാലിക്കണം.
സ്ഥാപനം തുറക്കുന്ന വേളയിൽ ഓഫീസും പരിസരവും വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
പരിശീലനം നൽകുന്നതിന് മുൻപ് ഇൻസ്ട്രക്ടറും പരിശീലനാർഥിയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
ഡ്രൈവിംഗ് പരിശീലനം നൽകുന്ന വാഹനം എല്ലാ ദിവസവും വാട്ടർ സർവീസ് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യണം. വാഹനം അണുവിമുക്തമാക്കുന്നതിന് വേണ്ടി അണുനാശിനി ലായനി നിറച്ചിട്ടുള്ള മൂന്നു ലിറ്റർ കപ്പാസിറ്റിയുള്ള ഹാൻഡ് സ്പ്രെയർ ഒരോ വാഹനത്തിലും സൂക്ഷിക്കണം.
പരിശീലനം നൽകുന്നതിന് ഓരോരുത്തർക്കും സമയക്രമം നിശ്ചയിക്കേണ്ടതും ഒരു സമയം ഒന്നിൽ കൂടുതൽ ആളുകൾ വാഹനത്തിൽ ഉണ്ടാകാത്തവിധം ക്രമീകരിക്കുകയും വേണം.
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ഓരോ ആളുകൾക്കും പരിശീലനം നൽകിയതിന് ശേഷം സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, സ്വിച്ചുകൾ, ഡോർ ഹാൻഡിലുകൾ, ടു വീലർ ഹാൻഡിലുകൾ എന്നിവ അണുവിമുക്തമാക്കണം.
സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ഡ്രൈവിംഗ് സ്കൂളിനെതിരേയും പഠിതാക്കൾക്കെതിരേയും ശക്തമായ നടപടികൾ സ്വീകരിക്കും.