മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: ബസ് സ്റ്റാൻഡുകളുടെ ചുമരും പൊതുനിരത്തുകളുടെ മതിലും കാൻവാസാക്കി ജീവൻ തുളുന്പുന്ന ചിത്രങ്ങൾ വരച്ച് ഒരു തെരുവു ചിത്രകാരൻ.
ആരാലും അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്ന ഇത്തരക്കാരുടെ കൈപ്പടയിൽ വിരിയുന്നത് വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറമുള്ള വരകളുടെ കമനീയ രൂപങ്ങളാണ്.
തെരുവുകൾ കാൻവാസാക്കിയ ഇത്തരമൊരു നാടോടി ചിത്രകാരനാണ് തിരുവനന്തപുരം സ്വദേശി രാജു.
ഈശ്വര സ്പർശമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് നിറം പകരുന്നത് കരിക്കട്ടകളുടെ കൃഷ്ണവർണ്ണവും പച്ചിലകളുടെ ഹരിതഭംഗിയുമാണ്.
വാണിയംകുളം മനിശ്ശീരിയിൽ ഈ നാടോടി ചിത്രകാരന്റെ കരവിരുതിൽ ഇന്നലെ ഉയിർ കൊണ്ടത് മോഹന ചിത്രങ്ങളുടെ വിസ്മയങ്ങളാണ്.
മനിശ്ശീരി ബസ് സ്റ്റാൻഡ് ചുമരിനെ അയാൾ കാൻവാസാക്കി. കരിക്കട്ടയിൽ ചിത്രങ്ങൾ വരച്ചിട്ടു. പച്ചില നീരിൽ ബഹുവർണ്ണങ്ങൾ കണ്ടെത്തി.
ഒരു നാടോടി ചിത്രകാരൻ തന്റെ പ്രതിഭ കൊണ്ട് വിസ്മയം തീർക്കുകയായിരുന്നു. അയാൾ ആരോടും ഉൗരും, പേരും പറഞ്ഞില്ല.
നിശബ്ദമായി തന്റെ പ്രതിഭ ബസ് സ്റ്റാന്റ് ചുമരിൽ കോറിയിട്ട് ആ നാടോടി ചിത്രകാരൻ നടന്നകന്നു. ആ ചിത്ര വിസ്മയം കണ്ട് കാഴ്ചക്കാർ ആ അജ്ഞാത ചിത്രകാരനെ ആദരവോടെ നോക്കി നിന്നു.
ഇന്നലെ രാവിലെയാണ് തൃക്കംകോട് ബസ് സ്റ്റാൻഡ് പരിസരത്ത് ഈ വേറിട്ട കാഴ്ചയ്ക്ക് വേദിയായത്. ഒരു ബാഗുമായി സ്റ്റാന്റിലെത്തിയ നാടോടി ചിത്രകാരൻ മണിക്കൂറുകൾക്കകം തന്റെ ചിത്രരചന പൂർത്തിയാക്കി.
ആശയ ഭംഗി പേറുന്ന ചിത്ര കൗതുകം സമ്മാനിച്ച അദ്ദേഹത്തിനോട് ആരോ ചോദിച്ചതിനുത്തരമായിട്ടാണ് പേരും സ്ഥലവും അവ്യക്തമായി ഉച്ചരിച്ചത്.
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഒരു നിയോഗം പോലെ തന്റെ രചന പൂർത്തിയാക്കി മറ്റൊരിടത്തേക്ക് അദ്ദേഹം നടന്നു നീങ്ങി.