തൃശൂർ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ചു വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാകുമെന്ന മുന്നറിയിപ്പ് നൽകി സിറ്റി പോലീസ്. കർശന വാഹന പരിശോധനയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പിടിവീണാൽ ലൈസൻസ് റദ്ദാകുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.
മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരേ “ഹലോ വെക്കേഷൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ബോധവത്കരണം നടത്തുമെന്നും പോലീസ് പറഞ്ഞു. റോഡ് നിയമങ്ങൾ പാലിക്കണം, കുട്ടികൾ റോഡരികിൽ കളികളിൽ ഏർപ്പെടുന്നില്ലെന്നു വാഹനമോടിക്കുന്നവർ ഉറപ്പുവരുത്തണം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കണം, രാത്രികാലങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്തുകൊടുത്ത് അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് നിർദേശം നൽകി.
അവധിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളെയും ഗുണ്ടാടീമുകളേയും നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.