കളമശേരി: കളമശേരി വിടാക്കുഴയില്‍ ഒരു പോലീസുകാരനെയും മൂന്നു നാട്ടുകാരെയും വാക്കത്തികൊണ്ടാക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതിയായ വിടാക്കുഴ തരകന്‍ വീട്ടില്‍ ബാബു പോള്‍ (34) മദ്യലഹരിയില്‍ എന്‍എഡി പൈപ്പ് ലൈന്‍ റോഡില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നഗരസഭയുടെയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നും തടയാന്‍ ചെന്നവരെ മര്‍ദ്ദിച്ചെന്നുമാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ യുവാവ് അഴിഞ്ഞാടിയതിനെ തുടര്‍ന്നു അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് കളമശേരി പോലീസ് സ്‌റ്റേഷനിലെ റെക്‌സിന്‍ പൊടുത്താസ് എന്ന പോലീസുകാരനാണ് പരിക്കേറ്റത്. മുഖത്ത് ഏഴ് സ്റ്റിച്ചുണ്ട്. പിടികൂടാന്‍ ശ്രമിച്ച ആറോളം നാട്ടുകാരെയും പ്രതി ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിടാക്കുഴ ചേറാട്ടുവീട്ടില്‍ കുട്ടപ്പന്‍െറ മക്കളായ മുരളി, വേണു, മനീഷ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മദ്യലഹരിയില്‍ എന്‍എഡി പൈപ്പ് ലൈന്‍ റോഡില്‍ യാതൊരു പ്രകോപനവും കൂടാതെ പ്രതി രാഷ്ട്രീയ പാര്‍ട്ടികളുടെയും നഗരസഭയുടെയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. ഒരു മണിക്കൂര്‍ നീണ്ട ഈ സംഭവത്തിന് ശേഷം ബാബു പോളിനെ അയാളുടെ സുഹൃത്തുക്കള്‍ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മഴു, വാക്കത്തി എന്നിവയുമായി വന്ന് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ജീപ്പില്‍ ശ്രമിച്ചു. ആ സമയം പോലീസിനെ പ്രതി ആക്രമിക്കുകയായിരുന്നു.