എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം വിൽക്കുന്നത് അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന കുപ്പിവെള്ളം. യാതൊരു പരിശോധനയോ ഗുണമേൻമയോ ഇല്ലാതെ എത്തുന്ന അന്യസംസ്ഥാനത്തെ കുപ്പിവെള്ളം യഥേഷ്ടം കേരളത്തിലെ വിപണികളിൽ ലഭിക്കും. വ്യാപാരികൾ കേരളത്തിൽ നിർമ്മിക്കുന്നതിനെക്കാളും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന കുപ്പിവെള്ളമാണ് കൂടുതലും വാങ്ങുന്നത്.
കേരളത്തിലെ നിർമ്മാതാക്കൾ എട്ടുരൂപയ്ക്കാണ് നൽകുന്നതെങ്കിൽ തമിഴ്നാട്ടിൽ നിന്ന് അഞ്ചു രൂപയ്ക്കും ആറു രൂപയ്ക്കുമാണ് ഒരു ലിറ്റർ കുപ്പിവെള്ളം കിട്ടുന്നത്.
ഇതു വൻതോതിൽ എടുക്കുന്പോൾ വലിയ ലാഭമാണ് കേരളത്തിലെ വ്യാപാരികൾക്ക് ലഭിക്കുന്നത്. ഒരേ കന്പനിയുടെ തന്നെ പല പേരുകളിലാണ് വെള്ളം വിതരണം ചെയ്യുന്നത്. ബ്രാൻഡ് കന്പനികളുടെ പേരിനോട് സമാനമാണ് അന്യസംസ്ഥാന കന്പനി വിതരണം ചെയ്യുന്ന പല കുപ്പിവെള്ളത്തിന്റേയും പേരുകൾ.
ഇതു കാരണം കേരളത്തിലെ ഉപഭോക്താക്കൾ കബളിക്കപ്പെടുകയാണ്. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനകളോ മുന്നറിയിപ്പുകളോ ഇല്ലാതെ എത്തുന്ന അന്യസംസ്ഥാന കുപ്പിവെള്ളത്തിന്റെ ഗുണമേൻമ പരിശോധിക്കാൻ സംസ്ഥാനത്ത് ഒരു സംവിധാനവുമില്ല.
പരിശോധിക്കേണ്ട ഫുഡ് സേഫ്റ്റി വിഭാഗമാകട്ടെ കണ്ടഭാവം നടിക്കുന്നുമില്ല. തമിഴ്നാട്ടിലെ മധുര തിരുന്നൽവേലി കോയന്പത്തൂർ നാഗർകോവിൽ തെങ്കാശി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് വൻതോതിൽ കുപ്പിവെള്ളം എത്തുന്നത്.
ഫുഡ് സേഫ്റ്റി വിഭാഗം നിർദ്ദേശിക്കുന്ന ഒരു നിയമവും ഭൂരിഭാഗം കുപ്പിവെള്ള വിതരണ കന്പനികളും പാലിക്കുന്നില്ല. ഗുണമേൻമ പരിശോധന നടത്തിയ സ്റ്റിക്കറോ, കന്പനിയുടെ മേൽവിലാസമോ, ഫോണ് നന്പറോ, ഇ-മെയിൽ അഡ്രസോ. പരാതി ഉണ്ടെങ്കിൽ വിളിച്ചറിയിക്കാനുള്ള ടോൾ ഫ്രീ നന്പറോ, എഫ്.എസ്.എസ്.എ.ഐ നന്പറോ ഇല്ലാതെയാണ് കുപ്പിവെള്ളമെത്തുന്നത്.
ഗുണമേൻമ ഇല്ലാതെ എത്തുന്ന കുപ്പിവെള്ളം കേരള ചെക്ക്പോസ്റ്റിൽ പിടികൂടി തിരിച്ചു അയക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന ആരോഗ്യ വകുപ്പോ ഭക്ഷ്യ വകുപ്പോ സ്വീകരിക്കുന്നില്ല. പരിശോധന സംവിധാനത്തിന്റെ അഭാവമാണ് ഇതു കടത്തി വിടുന്നതിനുള്ള കാരണമെന്നാണ് ചെക്കു പോസ്റ്റു ജീവനക്കാർ പറയുന്നത്. വേനൽക്കാലമായതോടെ വൻതോതിലാണ് സംസ്ഥാനത്തേയ്ക്ക് അന്യസംസ്ഥാന കുപ്പിവെള്ളമെത്തുന്നത്.
12 രൂപയ്ക്ക് സംസ്ഥാനത്ത് കുപ്പിവെള്ളം വ്യാപാരികൾ വിൽക്കാതിരിക്കാനുള്ള പ്രധാന കാരണവുമിതാണ്. 12 രൂപയ്ക്ക് കുപ്പിവെള്ളം സംസ്ഥാനത്ത് വ്യാപാരികൾ വിൽക്കാൻ തയ്യാറായാൽ അതു പാലിക്കപ്പെടാതെ വരുന്നവർക്കെതിരെ നടപിടി ഉണ്ടാകും. കൃത്യമായ പരിശോധനകളും നടക്കും അപ്പോൾ അനധികൃതമായി എത്തുന്ന അന്യസംസ്ഥാന കുപ്പിവെള്ള കന്പനികൾ പിടിക്കപ്പെടും.