തൃശൂര്‍: അടിച്ചു ഫിറ്റായി വണ്ടിയോടിക്കുന്നവരെ പിടികൂടാന്‍ കേരള പോലീസ് കച്ചകെട്ടിയിറങ്ങിയപ്പോള്‍ പിടിയിലായവരിലേറെയും തൃശൂര്‍ ജില്ലയിലുള്ളവര്‍. 538 കേസുകളാണ് മദ്യപിച്ച് വാഹനമോടിച്ചതിന് തൃശൂര്‍ സിറ്റി പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ചതിന് സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ്.ട്രാഫിക് വിഭാഗം ഐജി എ.അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ല പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആറു മുതല്‍ 12 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് കുടുങ്ങിയത്.
സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 3764 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1911 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു.
മദ്യപിച്ചു വാഹനമോടിച്ചതിന് കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴു കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവു കേസുകള്‍.