കണ്ണൂർ: മദ്യപിച്ച് സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ ദേഷ്യത്തിൽ ട്രെയിനിന് നേരേ കല്ലെറിഞ്ഞ യുവാവിനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി കണ്ണൂർ ടൗൺ പോലീസിൽ ഏൽപ്പിച്ചു.
കണ്ണൂർ പാറക്കണ്ടിയിലാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശി പി.വി. നിഖിൽ (23) ആണ് പിടിയിലായത്. നിഖിലുംസുഹൃത്തുക്കളും ചേർന്ന് പാറക്കണ്ടി റെയിൽവേ ട്രാക്കിന് സമീപം മദ്യപിക്കാൻ എത്തിയതായിരുന്നു. മദ്യപിച്ച് കൊണ്ട് ഇരിക്കുന്പോൾ സുഹൃത്തുമായി വാക്കുതർക്കമുണ്ടായി.
വാക്കുതർക്കം ഏറെ നേരം തുടർന്നു. ഇതിനിടെ ദേഷ്യം തീർക്കാനെന്ന പോലെ ആ സമയം അതുവഴി കടന്നുപോയ തിരുവനന്തപുരം-നിസാമുദ്ദീൻ മംഗള എക്സ്പ്രസിനുനേരേ കല്ലെടുത്ത് എറിയുകയായിരുന്നു. കല്ലേറിൽ മഗംള എക്സ്പ്രസിന്റെ എം-1 ാം കോച്ചിന്റെ 31,32 സീറ്റുകൾക്കും ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
കല്ലേറിനെത്തുടർന്ന് ഭീതിയിലായ യാത്രക്കാരാണ് ആർപിഎഫിനെ വിവരം അറിയിക്കുന്നത്. പാറക്കണ്ടിക്ക് സമീപത്ത് വച്ചാണെന്ന് പറഞ്ഞതോടെ ആർപിഎഫ് സംഘം അവിടെയെത്തുകയും യുവാവിനെ കൈയോടെ പിടികൂടുകയുമായിരുന്നു.
കുറച്ച് നാളുകൾക്ക് മുന്പ് കണ്ണൂർ സൗത്തിന് സമീപം വച്ച് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇത് കൂടാതെ ട്രാക്കുകളിൽ കല്ലെടുത്ത് വച്ച് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
മദ്യപസംഘങ്ങളാണ് പതിവായി ട്രെയിനിന് നേരെ കല്ലെറിയുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റെയിൽവേ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.