ആവി പാറുന്ന ചായ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് അധികവും. എന്നാല്‍ കൊടു ചൂടുള്ള ചായ പതിവായി കുടിക്കുന്നത് അപകടമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൂട് ചായ പതിവായി കുടിക്കുന്നത് അന്നനാളത്തിലെ കാന്‍സറിന് കാരണമാവുന്നു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടില്‍ 700 മില്ലിയിലധികം ചായ പതിവായി കുടുക്കുന്നവര്‍ക്ക് അന്നനാള കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 90 ശതമാനത്തിലധികമാണെന്നാണ് ഇറാനില്‍ 50,000 ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ചൂട് ചായ തണുക്കാന്‍ അനുവദിച്ച ശേഷം കുടിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരമായി പഠനം നടത്തിയ ഡോക്ടര്‍ ഫര്‍ഹാദ് ഇസ്ളാമി നിര്‍ദേശിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
അമേരിക്കയിലും യൂറോപ്പിലുമെല്ലാം ആളുകള്‍ 65 ഡിഗ്രിയില്‍ താഴെ ചൂടില്‍ മാത്രമേ ചായ കുടിക്കാറുള്ളൂ. എന്നാല്‍ റഷ്യ, ഇറാന് പോലുള്ളിടങ്ങളില്‍ അതിനും മുകളിലുള്ള ചൂടില്‍ ചായ കുടിക്കാന്‍ ശീലിച്ചിട്ടുള്ളവരാണ്. അതിന്റെ വ്യത്യാസം അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തില്‍ പ്രകടവുമാണ്.
ഇത് കൂടാതെ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരാണെങ്കില്‍ ചൂട് ചായ കുടിക്കുന്നത് പലമടങ്ങ് അപകടമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.