ചെറായി: യുവതിയായ ഫാഷൻ ഡിസൈനർ വിദ്യാർഥിനി മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് 12 വയസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു. അപകടം നടന്നിട്ടും നിർത്താതെ പോയ കാർ 150 മീറ്റർ പിന്നിട്ടപ്പോൾ പിന്നാലെയെത്തിയ നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച രാത്രി സംസ്ഥാനപാതയിൽ എടവനക്കാട്. അത്താണി, വാച്ചാക്കൽ എന്നിവിടങ്ങളിൽ വെച്ചാണ് അപകടങ്ങൾ ഉണ്ടാക്കിയത്.
ഇടപ്പള്ളി സ്വദേശിനിയായ 24 കാരിയാണ് കാർ ഓടിച്ചിരുന്നത്. ഡോക്ടറായ സഹോദരന്റെ കാറായിരുന്നു. കാറിനുള്ളിൽ യുവതിയുടെ രണ്ട് ആണ് സുഹൃത്തുക്കളും ഒരു പെണ്സുഹൃത്തും ഉണ്ടായിരുന്നു. രാത്രി എട്ടരയോടെ എടവനക്കാട് ഇല്ലത്ത് പടിക്കടുത്ത് അത്താണിയിൽ വെച്ചായിരുന്നു ആദ്യ അപകടം. അമ്മയേയും മകനെയും കാർ ഇടിച്ചു വീഴ്ത്തിയശേഷം ആളുകൾ ബഹളമുണ്ടായക്കിയിട്ടും കാർ നിർത്താതെ പോവുകയായിരുന്നു.
പരിക്കേറ്റ എടവനക്കാട് സ്വദേശിനി യാസിനി (46), മകൻ അക്ബർ (12) എന്നിവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ കാർ 150 മീറ്റർ പിന്നിട്ടതോടെ വാച്ചാക്കൽ ബസ് സ്റ്റോപ്പിൽവെച്ച് ഒരു ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തൊട്ടടുത്ത കടയുടെ ഷട്ടറിലിടിച്ച് നിൽക്കുകയും ചെയ്തു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ കൊടുങ്ങല്ലൂർ രാമൻകുളങ്ങര വിശ്വനാഥനെ (44) നാട്ടുകാർ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നിട്ടും നിർത്താതെപോയ കാർ പഴങ്ങാട് ഭാഗത്ത് വെച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് ഞാറക്കൽ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് എസ്ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ പോലീസെത്തി ബ്രത്ത് ലൈസറിൽ ഊതിച്ചപ്പോഴാണ് കാർ ഓടിച്ചിരുന്ന യുവതി മദ്യപിച്ചിരുന്നതായി മനസിലായത്. തുടർന്ന് കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധന നടത്തിയെങ്കിലും മദ്യത്തിന്റെ അളവ് തീരെ കുറവായിരുന്നതിനാൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിവ്. യുവതിയുടെ കൂട്ടുകാരിയുടെ വിവാഹം പ്രമാണിച്ച് ചെറായി ബീച്ചിലെത്തിയ നാലംഗസംഘം ബിയർ പാർട്ടി നടത്തി ആഘോഷിച്ചതാണെന്നാണ് പോലീസ് പറയുന്നത്.
കാർ ഓടിച്ചിരുന്ന യുവതി ബിയർ കഴിച്ചിരുന്നതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ അറിയിച്ചു. പിന്നീട് രാത്രി യുവതിയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അലക്ഷ്യമായും ഡ്രൈവിംഗ് നടത്തി അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.