ലോകത്തിന്റെ ദാഹം അകറ്റാന്‍ സാധിക്കുന്ന അത്ഭുത കണ്ടുപിടുത്തം നടത്തിയതായി ബെല്‍ജിയത്തില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. സോളാര്‍ ഊര്‍ജം ഉപയോഗിച്ച് മൂത്രം കുടിവെള്ളമാക്കാനാകുമെന്ന കണ്ടുപിടുത്തമാണ് ബ്രസല്‍സിലെ യൂണിവേഴ്സിറ്റി ഓഫ് ഗെന്റിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
മൂത്രം ശേഖരിക്കുന്നത് വലിയ ടാങ്കുകളിലാണ്. ഈ മൂത്രം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്ലറില്‍ ചൂടാക്കി ഒരു ട്യൂബിലേക്ക് കടത്തിവിടുന്നു. ഇവിടെ വച്ചാണ് മൂത്രത്തില്‍ നിന്നും പൊട്ടാസ്യവും നൈട്രജനും ഫോസ്ഫറസും വേര്‍തിരിക്കുന്നത്. ഇൗ വെള്ളം യാതൊരു പ്രശ്നവുമില്ലാതെ കുടിക്കാനാകും. പുതിയ സംവിധാനത്തിന്റെ പരീക്ഷണവും പൂര്‍ത്തിയായി. ബ്രസല്‍സിലെ തീയേറ്റര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് മൂത്രം ശേഖരിക്കുന്ന മെഷീന് സ്ഥാപിച്ചിരുന്നു. 10 ദിവസം കൊണ്ട് 1,000 ലിറ്റര്‍ മൂത്രം ശേഖരിച്ച് കുടിവെള്ളമാക്കുകയും ചെയ്തു. ഈ വെള്ളം കുടിച്ചുകാണിക്കുകയും ചെയ്തു ശാസ്ത്രജ്ഞര്‍.
കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും വിമാനത്താവളങ്ങളിലും ആദ്യഘട്ടമായി മെഷീന് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥലങ്ങളാണിതെന്നതു തന്നെ കാരണം. രണ്ടാംഘട്ടമായി അവികസിതരാജ്യങ്ങളിലെ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ മെഷീന് സ്ഥാപിക്കും. ഇതിനായി സന്നദ്ധസംഘടനകളുടെ സഹായം തേടും.