കോഴിക്കോട്: കടുത്ത ചൂടില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശക്തമായ നടപടികളെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിനായി ഫണ്ടുകളുടെ കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. ഗ്രാമപഞ്ചായത്തുകള്‍ക്ക് 2019 മാര്‍ച്ച് 31 വരെ 5.50 ലക്ഷവും ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ 11 ലക്ഷവും ഇതിനായി ചെലവഴിക്കാം. മുന്‍സിപ്പാലിറ്റികള്‍ക്ക് മാര്‍ച്ച് 31 വരെ 11 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ 16. 50 ലക്ഷവും വിനിയോഗിക്കാം. കോര്‍പറേഷനുകള്‍ക്ക് മാര്‍ച്ച് 31 വരെ 16.50 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ 22ലക്ഷവും ചെലവഴിക്കാം.
കുടി വെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടി വെള്ള നിലവാരം ഉറപ്പു വരുത്തി ജനങ്ങള്‍ക്ക് സൗകര്യ പ്രദമായ സമയത്ത് ആവശ്യത്തിനനുസൃതമായി കുടി വെള്ള വിതരണ നടത്തണം. ചെലവഴിക്കുന്ന തുകയുടെ പൂര്‍ണ്ണ മൂല്യം ഉറപ്പ് വരുത്തണം.
നിലവില്‍ ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്ക്കുകള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ഫണ്ടുപയോഗിച്ച് ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തേണ്ടതാണ്. ജില്ലാതല റവന്യു അധികാരികള്‍ക്ക് കുടി വെള്ള വിതരണം സംബന്ധിച്ച് മോണിറ്ററിംഗ് നടത്തുന്നതിനുള്ള സംവിധാനവും കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തണം. ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെയ്ത് സുതാര്യത ഉറപ്പ് വരുത്തിയ ശേഷം തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാരാണ് ചെലവു തുക വിനിയോഗിക്കേണ്ടത്.
സുതാര്യവും കാര്യക്ഷമവുമായി പരാതികള്‍ക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ ജില്ലാതല മേധാവികള്‍ ഉറപ്പ് വരുത്തി ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാകളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. കുടി വെള്ള വിതരണം സംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പിന്റെ നിബന്ധനകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.