കോട്ടയം: കുപ്പിവെള്ളം ലിറ്ററിന് 12 രൂപ നിരക്കിൽ ഏകീകരിച്ചു വിൽക്കാൻ ഒരു വിഭാഗം കുപ്പിവെള്ള നിർമാതാക്കളെടുത്ത തീരുമാനം ഇനിയും നടപ്പായില്ല. കുടിവെള്ളമില്ലാതെ കേരളം വലഞ്ഞ പ്രളയമാസങ്ങളിൽപോലും ഒരു ലിറ്റർ കുപ്പിവെള്ളത്തിനു 20 രൂപയിൽ താഴ്ത്തി വിൽക്കാൻ പ്രബല കന്പനികൾ തയാറായില്ല. സംസ്ഥാനത്ത് നിലവിലുള്ള 156 കുപ്പിവെള്ള കന്പനികളുടെ യോഗത്തിൽ 86 പേരുടെ പിൻതുണയിലാണ് 12 രൂപ നിരക്കിൽ വെള്ളം വിൽക്കാൻ ഒരു വർഷം മുൻപ് തീരുമാനമുണ്ടായത്.
ഒരു ലിറ്റർ വെള്ളം ഇപ്പോഴും കന്പനികൾ എട്ടു രൂപ നിരത്തിലാണു വില്പനയ്ക്കു വിതരണക്കാർക്കു നൽകുന്നത്. ഒരു കുപ്പി വെള്ളത്തിനു പായ്ക്കിംഗ് ഉൾപ്പെടെ ചെലവ് അഞ്ചു രൂപയാണെന്നു വില താഴ്ത്താൻ തയാറായ നിർമാതാക്കളുടെ പ്രതിനിധികൾ പറയുന്നു. ഇതേ വെള്ളം കുപ്പിക്ക് 20 രൂപ നിരക്കിൽ വിറ്റഴിച്ച് ലാഭമുണ്ടാക്കുന്നു. കുപ്പിവെള്ളത്തിനു വില താഴ്ത്താൻ ഒരു വിഭാഗം തീരുമാനമെടത്തപ്പോൾ ഭക്ഷ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുകയും എല്ലാ ഉത്പാദകരുടെയും വികാരം മാനിച്ച് 13 രൂപ നിരക്കിൽ വിൽക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു. പക്ഷേ ഏതാനും കന്പനികൾ വില താഴ്ത്താനുള്ള നീക്കത്തിൽനിന്നു പിന്മാറുകയായിരുന്നു.
മിനറൽ വാട്ടർ എന്ന പേരിൽ പച്ചവെള്ളം ശുദ്ധീകരിച്ചു കുപ്പിയിലാക്കി വിൽക്കുന്ന ഏറെ കന്പനികളും ഉപയോക്താക്കളെ ചൂഷണം ചെയ്യുകയാണ്. 12 ലക്ഷം ലിറ്റർ കുപ്പിവെള്ളം കേരളത്തിൽ ഒരു ദിവസം വിറ്റഴിയുന്നതായാണ് കണക്ക്. ഓരോ വർഷവും കുപ്പിവെള്ളം വിൽപന അഞ്ചു ശതമാനം എന്ന കണക്കിൽ വർധിക്കുകയും ചെയ്യുന്നു.